'ജനഗണമന' എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്നുള്ള വാർത്തകൾ തെറ്റാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ടീസറിൽ കാണിച്ചിട്ടുള്ള ബോംബ് സ്ഫോടനം മറ്റ് കാരണങ്ങൾ കൊണ്ട് ചിത്രീകരിച്ചതാണ്. സിനിമയുടെ ഉള്ളടക്കവും പൃഥ്വിരാജിന്റെ ലുക്കും പുറത്തുവിടാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് ബോംബ് സ്ഫോടനത്തിന്റെ സീൻ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ അണിയറ പ്രവർത്തകരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാൻ അവർ തയ്യാറാണെങ്കിൽ പ്രൊഡ്യൂസ് ചെയ്യാൻ ലിസ്റ്റിനും തയ്യാറാണ് അഭിനയിക്കാൻ ഞാനും റെഡിയാണെന്ന് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എക്സ്ട്രാ ഡീസന്റ് എന്ന തന്റെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.
പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ 'ജനഗണമന'. പൊളിറ്റിക്സ് പ്രമേയമായി എത്തിയ ചിത്രത്തിലെ ഡയലോഗുകൾ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തിരുന്നു. സിനിമയുടെ ടീസറിലെ ഭാഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ആ സീനിനുകൾ സിനിമയുടെ രണ്ടാം ഭാഗത്തിൽ ഉൾപെടുന്നതാണെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ ആ വാർത്തയെ നിഷേധിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്.
സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്:
സെക്കന്റ് പാർട്ട് എന്നൊന്നും പറയല്ലേ. 'ജന ഗണ മന' യുടെ രണ്ടാം ഭാഗം വെറുതെ ലിസ്റ്റിൻ കയറി തള്ളിയതാണ്. അല്ലാതെ സെക്കന്റ് പാർട്ട് ഒന്നും അവർ ആലോചിച്ചിട്ടേയില്ല. ആ സിനിമയുടെ പല പോർഷനും പുറത്ത് ട്രെയ്ലറായും ടീസറായൊന്നും വിടാൻ പറ്റില്ല. പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാൻ പറ്റില്ല എന്റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ച് അങ്ങനെ ചെയ്തതാണ്. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാൻ അവർ തയ്യാറാണെങ്കിൽ പ്രൊഡ്യൂസ് ചെയ്യാൻ ലിസ്റ്റിനും തയ്യാറാണ് അഭിനയിക്കാൻ ഞാനും റെഡിയാണ്.