Film News

ഞങ്ങളുടെ ആദ്യ പാട്ട് പക്ഷേ ഇത് വരെ ആരും കേട്ടിട്ടില്ല, അത് റിലീസ് ചെയ്യാൻ എന്നെക്കാൾ മോഹം ആയിരുന്നു ജയേട്ടന്: സുദീപ് പാലനാട്

പി.ജയചന്ദ്രന്റെ വിയോഗത്തിൽ കുറിപ്പുമായി സം​ഗീതസംവിധായകനും ​ഗായകനുമായ സുദീപ് പാലനാട്. ഭാവ​ഗായകൻ ജയചന്ദ്രനുമായുള്ള ആദ്യ റെക്കോർഡിങ്ങ് ഓർമ്മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുദീപ് പാലനാട് പങ്കുവച്ചു. ഇരുവരും ഒരുമിച്ച് ചെയ്ത ആദ്യ ​ഗാനം ജയചന്ദ്രന്റെ ഏറ്റവും പ്രിയപ്പെട്ട ​ഗാനമായിരുന്നുവെന്നും അത് ഇനിയും പുറത്തിറങ്ങാത്തതിനെക്കുറിച്ച് അദ്ദേഹം തന്നോട് ചോദിക്കുമായിരുന്നുവെന്നും കുറിപ്പിൽ സുദീപ് പാലനാട് പറയുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട് സുദീപ് പാലനാട്.

സുദീപ് പാലനാടിന്റെ പോസ്റ്റ്:

ഇല്ല ഇല്ല മരിക്കുന്നില്ല.

ആദ്യമായി നേരിൽ കാണുന്നത് തൃശ്ശൂർ ഭാരത് ഹോട്ടലിൽ വച്ചാണ്. സൌണ്ട് എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം. ഭാരതിൽ കാപ്പി കുടിച്ചിരിക്കുമ്പോ ക്യാഷ് കൗണ്ടറിനു മുന്നിൽ ഒരു കവറും പിടിച്ചു നിൽക്കുന്നു കാവി മുണ്ടും കടും നീല ഷർട്ടും ഇട്ട ഭാവഗായകൻ. ഓടിച്ചെന്നു പരിചയപ്പെട്ടു ജയചന്ദ്രൻ സാർ, ഞാൻ സുദീപ്. കഴിക്കാൻ ആണോ അതോ പാർസൽ മേടിക്കാൻ വന്നതാണോ? ഉടനെ സ്വതസിദ്ധമായ മറുപടി “അല്ല ഒരു പാർസൽ അയക്കാൻ വന്നതാ”. ഒന്നും മിണ്ടാതെ പോയിരുന്നു തണുത്ത കാപ്പി കുടിച്ചു ഞാൻ.

പിന്നീട് കാണുന്നത് ആദ്യ ഗാനം പാടിക്കാൻ ആണ്. എന്റെ ആദ്യ സിനിമ ഗാനം ആകും എന്ന് ഞാൻ ആഗ്രഹിച്ച പാട്ട്. തൃശ്ശൂർ സ്റ്റുഡിയോയിൽ വച്ച് ജയേട്ടന്റെ സ്വതസിദ്ധമായ ആറ്റിട്യൂഡ് ഇടലും എന്റെ സ്വതസിദ്ധമായ മുഖം നോക്കാതെ പ്രതികരിക്കലും കൂടെ ക്ലാഷ് ആയപ്പോ എല്ലാം കയ്യിന്നു പോവും എന്ന് കൂടെ ഉണ്ടായവർ വിചാരിച്ച നിമിഷം. എനിക്ക് ഉറപ്പുണ്ട് എന്നെ ഇടിച്ച് പരത്താൻ ഉള്ള ദേഷ്യം അന്ന് അദ്ദേഹത്തിന് വന്നു കാണും. അദ്ദേഹത്തെ അത് ചെയ്യാൻ എനിക്കും തോന്നിയിരുന്നു. പക്ഷേ രംഗം വഷളാവാതിരിക്കാൻ ഉടനെ ഒരു ബ്രേക്ക് വിളിച്ചു. ചായ വട വർത്തമാനം. ആ വർത്തമാനത്തിൽ ശരിക്കുള്ള ജയേട്ടൻ മറ നീക്കി പുറത്ത് വന്നു. വാക്കിൽ എം എസ് വി യും ഓർമയിൽ സുശീലാമ്മയും അക്കാലവും എല്ലാം വന്നു പോയപ്പോൾ പരസ്പരം പ്രായം മറന്ന കൂട്ടിന് ഞങ്ങൾ തുടക്കം കുറിക്കുകയായിരുന്നു അവിടെ. പിന്നീട് മാഷ് പറഞ്ഞത് അനുസരിക്കുന്ന കുട്ടിയേ പോലെ പാടി തന്ന് , അതും ഒറ്റ ടെയ്ക്കിൽ ഒരു ഫുൾ പല്ലവി അനുപല്ലവി പാടി തന്നെന്റെ കണ്ണ് തള്ളിച്ചു ലെജൻഡ് ജയചന്ദ്രൻ. ആ പാട്ട് പക്ഷേ ഇത് വരെ ആരും കേട്ടിട്ടില്ല. അത് റിലീസ് ചെയ്യാൻ എന്നെക്കാൾ മോഹം ആയിരുന്നു ജയേട്ടന്.

പിന്നെ പല റെക്കോർഡിംഗ് കൾക്കും മാഷും കുട്ടിയും കളിച്ച് പല പല രസകരമായ അനുഭവങ്ങൾ. ഒരിക്കൽ പറഞ്ഞു എന്നോട് “ഒരു ഭാവഗായകൻ പട്ടം ചാർത്തി തന്നിട്ടുണ്ട് നാട്ടുകാർ. അതൊന്ന് പൊളിക്കാൻ എന്നേ കൊണ്ട് വല്ല അടിച്ചു പൊളി പാട്ടും പാടിച്ചൂടെ ഡോ തനിക്ക്” എന്ന്. അങ്ങനെ ആണ് ശിഖാമണി യിലെ കിഴക്കൻ മല… പാടുന്നത്. ഓരോ തവണ കാണുമ്പോളും ചോദിക്കും. ഇത്രയൊക്കെ ആയിട്ടും നമ്മുടെ ആദ്യ ഗാനം ഇറങ്ങിയില്ല അല്ലേ. അതാടോ താൻ എനിക്ക് തന്ന പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം. അത് ഇറക്കാൻ അമാന്തം കാണിക്കണ കൊശവൻ ആരാ. ഞാൻ വിളിക്കാം അവനെ. എന്നൊക്കെ പറഞ്ഞ് അങ്ങനെ തീരും ആ കഥ.

ഒരിക്കൽ ശ്രീരാഗം സ്റ്റുഡിയോ യിൽ കൂടൽമാണിക്കം ഉത്സവത്തിന്റെ തീം സോങ് റെക്കോർഡ് ചെയ്തു കഴിഞ്ഞ് ഇറങ്ങിയ നേരം എന്നോട് ചോദിച്ചു “ഡോ പാലനാട്, എന്താ തന്റെ പരിപാടി? ഞാൻ പറഞ്ഞു പ്രത്യേകിച്ച് ഒന്നുല്ല്യ എന്താ ജയേട്ട ന്ന്. അപ്പോ പറഞ്ഞു “ഞാൻ ഒരു ഓസ്ട്രേലിയൻ ട്രിപ്പ് പോവാ. എനിക്ക് കുറച്ച് പാന്റ് ഒക്കെ വാങ്ങണം താൻ ഒന്ന് കൂടെ വരൂ. നിങ്ങൾക്ക് ഒക്കെ അല്ലേ ഇപ്പോളത്തെ ട്രെൻഡ് ഒക്കെ അറിയാ. ന്ന്. അങ്ങനെ കടയിൽ പോയി. ഞാൻ ജയേട്ടന് പറ്റിയ (എന്ന് ഞാൻ കരുതിയ) ചില ഗ്രേ ഷെയ്ഡ് ഉള്ള ലിനെൻ പാന്റുകൾ സെറ്റ് ആക്കി. ഉടനെ ജയേട്ടൻ “അയ്യയ്യേ ഇതൊക്കെ ആണോ ട്രെൻഡ്. ഞാൻ എന്താ കെളവനോ? എനിക്ക് ഓറഞ്ച്, റോസ്, പച്ച ഇങ്ങനത്തെ കളർ ഒക്കെ ഉള്ള കാർഗോസ് ടൈപ്പ് മതി എന്ന്. താനും എന്റെ മോനും ഒക്കെ ഫോർമൽസ് ന്റെ ആളുകളാ. എന്നാ ജയചന്ദ്രൻ ആള് കാഷ്വലാ. ന്ന്.

ഒരൂസം വിളിച്ചിട്ട് പറഞ്ഞു തന്റെ അച്ഛൻ എന്നെ ഇരിഞ്ഞാലക്കുടക്ക് വിളിച്ചിട്ടുണ്ട് കുറുപ്പാശാൻ അനുസ്മരണത്തിന്. താൻ ആണുട്ടോ എന്റെ ഡ്രൈവർ. ശരി ന്നു പറഞ്ഞു. ഗുൽമോഹർ ന് താഴെ എത്തിയപ്പോ “രണ്ട് മിനിറ്റ് ലേറ്റ് ആയല്ലോ എന്ന പരിഭവം മുഖത്ത് കടിച്ച് പിടിച്ച് പുറത്ത് നിൽപ്പുണ്ട് ആശാൻ. കാറിൽ കേറി. കൂർക്കഞ്ചേരി എത്താറായപ്പോ ചോദിച്ചു. “താൻ വല്ലഭയിലെ ഇഡ്ഡലി വട കഴിച്ചിട്ടുണ്ടോ ന്നു. ഇല്ല പറഞ്ഞപ്പോ അവിടെ നിർത്താൻ പറഞ്ഞു. ഞാൻ വാങ്ങി തരാം എന്ന്. എനിക്ക് ഇഡ്ഡലി ഓർഡർ ചെയ്തു അദ്ദേഹത്തിന് സാംബാർ വടയും. കഴിച്ച് കഴിഞ്ഞ്. ഞാൻ കാശ് ഒന്നും എടുത്തിട്ടില്ല ട്ടോ. താൻ തന്നെ കൊടുത്തോളൂ. ന്നു പറഞ്ഞ് ഒരൊറ്റ പൊക്കാ കാറിലേക്ക്. ഇതിപ്പോ ആര് ആരെ ആണ് വിളിച്ച് ഹോട്ടലിൽ കേറ്റിയേ എന്ന ഭാവത്തിൽ ഞാനും. എന്നിട്ട് അവിടെ എത്തി, ഇവിടെ തിരിച്ച് എത്തണ വരെ കൊറെ അനുഭവങ്ങൾ, പലരെയും പറ്റി മുഖം നോക്കാതെ നിശിത വിമർശങ്ങൾ. ഞാൻ ഇത്തരം യാത്രകളിൽ ജയേട്ടന്റെ വർത്തമാനം അദ്ദേഹത്തിന്റെ അനുമതിയോടു കൂടെ തന്നെ റെക്കോർഡ് ചെയ്യാറുള്ള ഒരു പൊട്ട ശീലം ഉണ്ടായിരുന്നു. ചില മണി മുത്തുകൾ പോലുള്ള പാട്ടുകളും നല്ല വെറൈറ്റി അനുഭവങ്ങളും കിട്ടുമല്ലോ നമുക്ക് എന്ന തോന്നലിൽ. ഇടക്ക് ഞാൻ പറഞ്ഞു, ജയേട്ടാ, ജയേട്ടന്റെ കാലം കഴിഞ്ഞാൽ ഞാൻ ഈ കുറ്റം പറച്ചിൽ ഒക്കെ പുറത്ത് വിടും ട്ടോ ന്ന്. (ഇത് ഇപ്പോ ഓർക്കുമ്പോ നെഞ്ച് പൊട്ടുന്നു) അപ്പോ ജയേട്ടന്റെ മറുപടി ആണ് എപിക് “ആണോ നീ ഇത് ഇറക്കാമോ “എന്നാ നിൽക്ക്, എനിക്ക് കുറച്ച് പേരെ കൂടി പറയാൻ ഉണ്ട്” എന്ന്.

പിന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു “നാളെ ഞാൻ തിരുമാന്ധാംകുന്നിലെ പുരസ്കാരം വാങ്ങാൻ വരുന്നുണ്ട്. രാവിലെ തന്റെ അവിടെ എത്തും. അമ്മയോട് ഓലനും കുറച്ച് ഇഞ്ചികറിയും ചോറും ഉണ്ടാക്കി വയ്ക്കാൻ പറയൂ ട്ടോ ന്ന്. അന്നു വന്നു കുറെ വർത്തമാനവും പഴയ കഥകളും നല്ല ഒരു ഉറക്കവും ഒക്കെ പാസ് ആക്കി, ദേവൂട്ടനോട് കൊറെ തമാശ ഒക്കെ പറഞ്ഞ്, അവാർഡും വാങ്ങി, അവിടെ വേദിയിലേക്ക് എന്നെ വിളിച്ച് കേറ്റി, അവിടെ എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ അനുഗ്രഹിച്ചു പോയതാണ്.

ഇനി തിരുമാന്ധാംകുന്നിൽ എപ്പോ വരുമ്പോഴും ഇവിടെ ആണ് ഊണ് എന്നും, തന്റെ പുതിയ വീട്ടിലെ സ്റ്റുഡിയോയിൽ പാട്ട് പാടണം എന്നും, അങ്ങനെ കുറെ പ്രതീക്ഷകൾ അദ്ദേഹം എന്നോട് പറഞ്ഞത് സാധിപ്പിക്കാൻ നിൽക്കാതെ ആണ് അദ്ദേഹം പോയത്. അതിൽ ഏറ്റവും ദുഃഖം “തന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് “ എന്ന് അദ്ദേഹം എപ്പോളും പറയാറുളള, “അത് നമുക്ക് ഇറക്കണ്ടേ” എന്ന് ചോദിക്കാറുള്ള ആ പാട്ട് ഇറക്കാൻ കഴിഞ്ഞില്ല എന്നതാണ്.

ഓർമ്മകൾ ഇനിയും ഉണ്ട് ഒരുപാട് ഒരുപാട്. നേരിൽ കണ്ട് പറഞ്ഞതും, കാറിൽ ഇരുന്ന് പറഞ്ഞതും, ഫോണിൽ പറഞ്ഞതും, സ്വകാര്യം പറഞ്ഞതും ഒക്കെ ആയി.

വയ്യ ഇനി എനിക്ക് എഴുതാൻ.

ആവുന്നില്ല

തൊട്ടടുത്ത് നിന്ന് വെള്ള ഷർട്ടും കോടി കസവ് മുണ്ടും തൊണ്ണൂറുകളിലെ മീശയും വച്ച് അനങ്ങാതെ മിണ്ടാതെ കിടക്കുന്ന ചെങ്ങായിയെ തലയിൽ ഒന്ന് തലോടി നോക്കി ഞാൻ, കാലിൽ പിടിച്ചു ഇളക്കി നോക്കി. പാടുന്നില്ല.

എനിക്കുറപ്പുണ്ട് ഇത് അന്നാദ്യത്തെ റെക്കോർഡിങ്ങിന്റെ അന്നെന്നോട് കാണിച്ച കുറുമ്പ് ആണ്. അടുത്ത് പോയി എം എസ് വി യേ പറ്റി, സുശീലാമ്മയെ പറ്റി, പാട്ടിനെ പറ്റി, നാല് വാക്ക് പറഞ്ഞാൽ, ഇപ്പോ കേൾക്കാം

“ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ

എന്നോമൽ ഉറക്കമായ് ഉണർത്തരുതേ “

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT