Film News

ആ സീന്‍ വിജയിച്ചില്ലെങ്കില്‍ സിനിമ പരാജയം ആകുമെന്നാണ് വിചാരിച്ചിരുന്നത്, ക്ലൈമാക്‌സ് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു: ശ്രീനിവാസന്‍

'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ ക്ലൈമാക്‌സ് സീന്‍ വിജയിച്ചില്ലെങ്കില്‍ ആ സിനിമ പരാജയപ്പെടുമെന്നാണ് കരുതിയിരുന്നതെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍. മമ്മൂട്ടിയുടെ കഥാപാത്രം ബാലനെ കുറിച്ച് സംസാരിക്കുന്ന രംഗത്തെക്കുറിച്ചാണ് ശ്രീനിവാസന്‍ പറഞ്ഞത്. ആ സീന്‍ വിജയിക്കണം എന്നുള്ളത് ആദ്യമേ ആലോചനയില്‍ ഉണ്ടായിരുന്നു. വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെക്കുറിച്ച് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണം കെ പി അപ്പന്‍ എന്ന സാഹിത്യകാരന്റെ നിരൂപണത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെ സിനിമയില്‍ ചേര്‍ത്തതാണ്. പലപ്പോഴായി എഴുതി ചേര്‍ത്തതാണ് സിനിമയുടെ ക്ലൈമാക്‌സ് എന്നും പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ കരഞ്ഞുവെന്നും വണ്‍ ടു ടോക്ക്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. 2007ലെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു. തിയറ്ററില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ ചിത്രം പിന്നീട് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

ശ്രീനിവാസന്‍ പറഞ്ഞത്:

ഒരുപാട് ആലോചിച്ചാണ് കഥ പറയുമ്പോള്‍ സിനിമയുടെ ക്ലൈമാക്‌സ് എഴുതിയത്. ആലോചന ഇല്ലാതെ ഒരു കാര്യവും എളുപ്പത്തില്‍ നടക്കുന്ന വിഷയമേ ഇല്ല. മമ്മൂട്ടിയുടെ കഥാപാത്രം ബാര്‍ബര്‍ ബാലനെ കുറിച്ച് പറയുന്ന ഭാഗത്താണ് സിനിമ അവസാനിക്കുന്നത്. ആ സീന്‍ വിജയിച്ചില്ലെങ്കില്‍ പടം പൊട്ടുമെന്നാണ് വിചാരിച്ചിരുന്നത്. ആദ്യമേ വിചാരിച്ച കാര്യമാണ് അത്. സിനിമയെ കുറിച്ച് ഒരുപാട് ആലോചനകള്‍ നടത്തി കുറെ സങ്കല്‍പ്പങ്ങളും കണക്കുകൂട്ടലുകളും നമുക്ക് ഉണ്ടാകുമല്ലോ. ആ സീന്‍ എന്റെ മാത്രം ആലോചനയല്ല. ഞാന്‍ വായിച്ച ഒരുപാട് പുസ്തകങ്ങള്‍ അതിനു പ്രചോദനമായിട്ടുണ്ട്.

ആ സീനില്‍ വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നുണ്ട്. കെ പി അപ്പന്റെ ഒരു നിരൂപണ പുസ്തകത്തില്‍ നിന്ന് ഞാന്‍ എടുത്തതാണ് ആ വരികള്‍. അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി സിനിമയില്‍ ഉപയോഗിച്ച കാര്യമാണ് അത്. എഴുതിയിട്ടുള്ള ഓരോ വരികളും ഫിലോസഫിയും ഞാന്‍ വായിച്ച കുറെയധികം സാഹിത്യങ്ങളില്‍ നിന്നായിരിക്കും. ആ സിനിമയ്ക്ക് വേണ്ടി വായിച്ച പുസ്തകങ്ങള്‍ എന്നെ സഹായിച്ചിട്ടുണ്ട്.

കഥ പറയുമ്പോള്‍ സിനിമയുടെ ക്ലൈമാക്‌സ് വിജയിക്കേണ്ടത് ആവശ്യമായിരുന്നു. ഒരു ദിവസം രണ്ട് വരി എഴുതി നിര്‍ത്തും. അതിനു ശേഷം കുറെ കഴിഞ്ഞാകും അടുത്ത രണ്ട് വരി എഴുതുന്നത്. അങ്ങനെയായിരുന്നു സിനിമയുടെ എഴുത്ത്. അങ്ങനെ പത്ത് പതിനഞ്ച് പേജുകളിലായി പല കടലാസുകളിലാണ് എഴുതിയത്. ഷൂട്ടിങ്ങിന്റെ തലേ ദിവസം അതെല്ലാം ഒരുമിച്ചാക്കി. അത് വായിച്ചപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. എഴുതിയ പേപ്പറില്‍ വെള്ളം വീണു. സിനിമ വിജയിക്കുമെന്ന് അപ്പോള്‍ ഉറപ്പിച്ചു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT