കൊട്ടുകാളി എന്ന സിനിമ നിർമിച്ചതിലൂടെ താൻ സമ്പാദിച്ചത് കമൽ ഹാസന്റെ സ്നേഹമായിരുന്നു എന്ന് നടൻ ശിവകാർത്തികേയൻ. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ചോദ്യങ്ങളുണ്ടായിരുന്നു. എന്തിനാണ് അങ്ങനെയൊരു സിനിമ ചെയ്യുന്നതെന്നും എന്താണ് അതിൽ നിന്ന് സമ്പാദിച്ചതെന്നും ചിലർ ചോദിച്ചു. കമൽ സാറിന്റെ സ്നേഹം സമ്പാദിച്ചു എന്നാണ് അവർക്ക് മറുപടി കൊടുക്കാൻ കഴിയുന്നത്. സിനിമയെക്കുറിച്ച് 3 പേജുള്ള ഒരു കത്ത് കമൽ ഹസൻ സാർ അയച്ചു തന്നിരുന്നു. വലിയ അംഗീകാരമായിട്ടാണ് അതിനെ കാണുന്നത്. കമൽ ഹസൻ അവതരിപ്പിച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അമരൻ നൂറാം ദിന ആഘോഷത്തിൽ ശിവകാർത്തികേയൻ പറഞ്ഞത്.
ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ മികച്ച വിജയമാണ് നേടിയത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രം നിർമ്മിച്ചത് കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ്. സായ് പല്ലവിയാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തിയത്. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിച്ചത്.
ശിവകാർത്തികേയൻ പറഞ്ഞത്:
ഇൻഡസ്‌ട്രിയിലുള്ള ആളുകളും സുഹൃത്തുക്കളും ഈ അടുത്ത കാലത്ത് എന്നോട് നിരന്തരം ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണ് എന്തുകൊണ്ട് കൊട്ടുകാളി സിനിമ നിർമിച്ചു എന്നത്. അതിൽ നിന്ന് നീ എന്താണ് സമ്പാദിച്ചത് എന്നാണ് അവർ ചോദിച്ചത്. കമൽ സാറിന്റെ സ്നേഹം എനിക്ക് കിട്ടി എന്നതാണ് ഈ വേദിയിൽ എനിക്ക് പറയാനുള്ളത്. കമൽ സാറിന് ഒരു സിനിമ ഇഷ്ടമാവുക നിസ്സാര കാര്യമല്ല. സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് 3 പേജുള്ള ഒരു കത്ത് അദ്ദേഹത്തിന്റേതായി എനിക്ക് ലഭിച്ചിരുന്നു. അതെനിക്ക് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. അമരൻ എന്ന സിനിമ തുടങ്ങുന്നതിന് മുൻപ് കമൽ ഹസൻ സാറിനെ എനിക്ക് നേരിൽ പരിചയമുണ്ടായിരുന്നില്ല. എന്നാൽ സിനിമ ചെയ്യുന്നതിനിടയിൽ അതിന് സമയമുണ്ടായി. കമൽ സാർ എങ്ങനെയുള്ള ഒരു നടനാണ് എന്നത് ഞാൻ പറയാതെ തന്നെ ലോകത്തിന് അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമകളെ കൃത്യമായി മനസ്സിലാക്കാൻ തന്നെ എനിക്ക് ഇത്രയധികം കാലമെടുത്തു. കമൽ ഹസൻ അവതരിപ്പിക്കുന്ന സിനിമയിൽ എന്റെ പേര് കൂടെ വന്നത് അഭിമാനം തോന്നുന്ന കാര്യമാണ്.