'പ്രേമലു'വിലെ ശ്യാം മോഹന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ ശിവകാർത്തികേയൻ. മലയാളത്തിലെ ഒരുപാട് നടന്മാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ ശിവകാർത്തികേയൻ അമരനിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹന്റെ 'പ്രേമലു'വിലെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. 'അമരൻ' സിനിമയുടെ പ്രമോഷൻ ഭാഗമായി കേരളത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് ശിവകാർത്തികേയൻ ഇത് പറഞ്ഞത്.
ശിവ കാർത്തികേയൻ പറഞ്ഞത്:
'അമരൻ' എന്ന ചിത്രത്തിൽ ''എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്'' എന്നൊരു ഡയലോഗുണ്ട്. എനിക്ക് മലയാള സിനിമയിലെ കുറേ അഭിനേതാക്കളെ ഇഷ്ടമാണ്. മമ്മൂട്ടി സാർ, മോഹൻലാൽ സാർ, പൃഥ്വിരാജ് സാർ, ടൊവിനോ, ഫഹദ് ഫാസിൽ എന്റെ ഫ്രണ്ട് കൂടിയാണ്. ഈ നാട്ടിൽ ഏത് നല്ല സിനിമ വന്നാലും നിങ്ങൾ അത് ആഘോഷിക്കാറുണ്ട്. ഈ സിനിമയും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിലെ സായ് പല്ലവിയുടെ കഥാപാത്രം ഏകദേശം മുഴുവനായും മലയാളം തന്നെയാണ് സംസാരിക്കുന്നത്. ഒരു മലയാളം സിനിമ കാണുന്നത് പോലെയാണ് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നിയത്. അത്രയും മികച്ച രീതിയിലാണ് അത് ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 'അമരന്‍' സിനിമയില്‍ കൂടെ അഭിനയിച്ച ഒരുപാട് ആളുകളുണ്ട്. ശ്യാം മോഹനും അമരനില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'പ്രേമലു' എന്ന സിനിമ ഞാന്‍ ഒരുപാട് ആസ്വദിച്ച് കണ്ട സിനിമയാണ്. ഇടക്കിടെ ‘ജെ.കെ’ എന്ന് പറഞ്ഞാണ് ആ കഥാപാത്രം പ്രേമലുവില്‍ വരുന്നത്. ആ സമയത്തൊക്കെ ഞാന്‍ ശ്യാമിനെ കാണുമ്പോള്‍ പെട്ടെന്ന് എന്റെ വൈഫിനോട് ‘ഇദ്ദേഹം എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുമായിരുന്നു. ആ സിനിമ വരുന്നതിന് മുൻപേയാണ് 'അമരൻ' ഷൂട്ട് ചെയ്തത്. ആ സമയത്ത് അദ്ദേഹത്തോട് ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി. പെട്ടെന്ന് 'പ്രേമലു' എന്ന സിനിമയിലൂടെ അദ്ദേഹം വളരെ ഫേമസായി. പ്രേമലുവിൽ അദ്ദേഹം വളരെ നന്നായിരുന്നു.
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് അമരനിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത്. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.