Film News

ആദ്യമായി ചോറൂണ്ണുന്ന കുഞ്ഞിന്റെ നിഷ്കങ്കതയോടെ മമ്മൂട്ടി അതിശയിപ്പിച്ച രം​ഗം; നിത്യഹരിത മെ​ഗാസ്റ്റാറിന് സിബി മലയിലിന്റെ പിറന്നാൾ ആശംസ

തനിക്കൊരിക്കലും മറക്കാനാവാത്ത ചിത്രീകരണ അനുഭവമാണ് തനിയാവർത്തനത്തിലെ ക്ലൈമാക്സ് രം​ഗം എന്ന് സംവിധായകൻ സിബി മലയിൽ. 1987-ല്‍ ലോഹിത ദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രമാണ് തനിയാവര്‍ത്തനം. ചിത്രത്തിൽ ബാലൻ മാസ്റ്റർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയെ ആദ്യമായി താൻ കണ്ട അനുഭവത്തെക്കുറിച്ചും തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ മറക്കാനാവാത്ത പ്രകടനത്തെക്കുറിച്ചും മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ക്യു സ്റ്റുഡിയോയുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ സിബി മലയിൽ

സിബി മലയിൽ പറഞ്ഞത്:

മമ്മൂട്ടിയെ ഞാൻ ആദ്യമായിട്ട് നേരിൽ കാണുന്നത് 1981 ലാണ്. പടയോട്ടം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയിട്ട് മലമ്പുഴയിലേക്ക് വരുമ്പോഴാണ് അത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അ​ദ്ദേഹത്തെ സ്വീകരിക്കാൻ പോയത് ഞാനാണ്. അന്ന് യൂണിറ്റിലുള്ള പയ്യന്മാർക്കൊന്നും മുഖപരിചയമുള്ള ആളായിരുന്നില്ല മമ്മൂട്ടി. അദ്ദേഹത്തെ സ്ക്രീനിലെങ്കിലും കണ്ടിട്ടുള്ള ഒരാൾ ഞാൻ മാത്രം ആയതുകൊണ്ട് എന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായിട്ട് നിയോ​ഗിച്ചത്. അന്ന് 1981 ൽ ഞാൻ കണ്ട് മമ്മൂട്ടിയിൽ നിന്നും ഇന്ന് 2024 എത്തിനിൽ‌ക്കുമ്പോൾ മമ്മൂട്ടിയുടെ രൂപത്തിലോ ആകാരത്തിലോ ഒന്നും യാതൊരു വ്യത്യാസവുമില്ല. നിത്യഹരിത നായകൻ എന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ളത് പ്രേം നസീർ സാറിനെയാണ്. എന്നാൽ 63 വയസ്സിനിപ്പുറം അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറ‍ഞ്ഞു. ആ പ്രായത്തിൽ അദ്ദേഹത്തെ നിത്യ ഹരിത നായകൻ എന്ന് വിശേഷിപ്പിക്കുമ്പോൾ ആ പ്രായവും കടന്ന് ഇന്ന് മമ്മൂട്ടി അതിനെക്കാൾ ചെറുപ്പത്തിൽ അതിനെക്കാൾ യൗവനത്തിന്റെ തിളക്കത്തിൽ നിൽക്കുകയാണ്. മലയാളത്തിന്റെ നിത്യഹരിത മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ അറിയിക്കുകയാണ്.

എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സിനിമകളിലൊന്നാണ് തനിയാവർത്തനം. ശ്രീ മമ്മൂട്ടിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് അത് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല, ആ സിനിമയിൽ മമ്മൂട്ടി ചെയ്ത ബാലൻ മാസ്റ്റർ എന്ന കഥാപാത്രത്തെ, ലോഹിതദാസ് എഴുതി അതിന്റെ പൂർണ്ണതയിൽ എത്തിച്ച ആ കഥാപാത്രത്തെ എഴുതിയതിനെക്കാൾ മികവോടെ നമുക്ക് മുന്നിലേക്ക് പകർന്ന് നൽകിയ നടനാണ് മമ്മൂട്ടി. ആ സിനിമയിലെ അവസാന രം​ഗത്തിൽ അദ്ദേഹം ഒരു മെഡിക്കൽ ട്രീറ്റ്മെന്റിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേ​ഹത്തിന്റെ അമ്മ അദ്ദേഹത്തിന് വിഷം കലർത്തിയ ചോറ് ഉരുട്ടി നൽകുന്ന ഒരു രം​ഗമുണ്ട്. നമ്മുടെ എല്ലാവരുടെയും ഹൃദയത്തെ പിടിച്ചുലച്ച രം​ഗം. ആ രം​ഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സംഭാഷണങ്ങളില്ല. അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കമാർന്ന തിരിച്ചറിവ് മാത്രമേയുള്ളൂ. അമ്മ തനിക്ക് വിഷം കലർത്തിയ ചോറ് തന്നുകൊണ്ട് ഈ ദുരിതത്തിൽ നിന്ന തന്നെ വിടുവിക്കാനുള്ള സ്നേ​ഹം പകരുകയാണ്, അതിന് വേണ്ടിയുള്ള ഒരോ ഉരുളകളാണ് തനിക്ക് തരുന്നത് എന്നുള്ള തിരിച്ചറിവ് മമ്മൂട്ടിയുടെ ആ കണ്ണിൽ കാണാം. അത് തന്നെയാണ് ആ രം​ഗം എടുക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതും. എഴുത്തുകാരൻ എഴുതി വച്ചതിലും അപ്പുറത്തേക്ക് കുറച്ചു കൂടി കടന്ന് ഞാൻ ആ സീനിനെ ഒരു പുതിയ മാനത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. ഈ ദുരിതത്തിൽ നിന്നും തന്നെ വിടുവിക്കാനായി അമ്മ ഉരുട്ടി നൽകുന്ന ചോറ് ആറാം മാസത്തിലെ ആ​ദ്യ ചോറൂണിന് അമ്മ ഉരുട്ടി തരുമ്പോൾ വാ തുറന്ന അതേ നിഷ്കളങ്കതയോടെ ഏറ്റുവാങ്ങിയാണ് അയാൾ കഴിക്കുന്നത്. ആ രം​ഗം ചിത്രീകരിക്കുമ്പോൾ മമ്മൂട്ടിയോട് ഞാൻ ആവശ്യപ്പെട്ടതും അത് തന്നെയാണ്. തീർച്ചയായും ഞാൻ ആ​ഗ്രഹിച്ചതിനും അപ്പുറത്തേക്ക്, ആ നിഷ്കളങ്കതയുള്ള കണ്ണുകളിലൂടെ മമ്മൂട്ടി ആ ചോറ് കഴിക്കുന്നത്, അമ്മ തരുന്ന ചോറിനെ വാ തുറന്ന് സ്വീകരിക്കുന്നത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിശബ്ദമായി ക്യമറയ്ക്ക് മുന്നിൽ ഒരു ക്ലോസപ്പിൽ ഇരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിയെ ഏറ്റവും വിജയകരമായി, ആ കഥാപാത്രത്തിന്റെ ദയനീതയതയെയും നിസ്സാഹായതയെയും എല്ലാം വെളിവാക്കുന്ന ഭം​ഗിയായ പ്രകടനമാണ് മമ്മൂട്ടി കാഴച വച്ചത്. അത്ര മികവുറ്റ ഒരു അഭിനയ മുഹൂർത്തത്തെ ചിത്രീകരിക്കാൻ, മമ്മൂട്ടി എന്ന അതുല്യ നടനെ എന്റെ ക്യാമറയ്ക്ക് മുമ്പിൽ നിർത്താൻ എനിക്ക് ഭാ​ഗ്യമുണ്ടായി. എനിക്കൊരിക്കല്ലും മറക്കാനാവാത്ത ചിത്രീകരണ അനുഭവങ്ങളിലൊന്നാണ് തനിയാവർത്തനത്തിലെ ആ ക്ലൈമാക്സ് രം​ഗം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT