സിനിമയാണ് തനിക്ക് ഇപ്പോഴുള്ള ഏക ലഹരിയെന്നും അതുകൊണ്ടാണ് മറ്റ് ലഹരികളിൽ നിന്നും എളുപ്പത്തിൽ പുറത്തുകടക്കാൻ സാധിച്ചതെന്നും നടൻ ഷൈൻ ടോം ചാക്കോ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് നമുക്ക് 'പ്ലഷർ' തരുമെങ്കിലും മറ്റുള്ളവർക്ക് 'പ്രഷറാണ്' കൊടുക്കുന്നത്. താൻ ഇപ്പോൾ ഇത് നിർത്തിയത് തനിക്ക് ചുറ്റും നിൽക്കുന്നവർക്ക് വേണ്ടിയാണെന്നും ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ
നമുക്കെല്ലാം ഈ ലഹരിയിൽ നിന്നും പുറത്തുകടക്കാൻ സാധിക്കുന്നത് നമ്മുടെ ബേസിക്ക് ലഹരി സിനിമയാണ് എന്നുള്ളതുകൊണ്ടാണ്. അതിനാൽ മാത്രമാണ് നാം മുന്നോട്ട് പോകുന്നത്. അതിനിടയിൽ പലതും കടന്നുവന്നേക്കാം. ഒരു ചെറിയ സാധനം മുതൽ മനുഷ്യർ വരെ അതിൽപ്പെടും. അതെല്ലാം രണ്ടാമതാണ്. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം എന്തെന്നാൽ, അഭിനയിക്കണം, പെർഫോം ചെയ്യണം, ആളുകളെ രസിപ്പിക്കണം എന്നതാണ്. അതിപ്പോൾ പട്ടിണി ആണെങ്കിലും വയറ് നിറച്ച് ഭക്ഷണം കിട്ടുമ്പോഴാണെങ്കിലും നമ്മൾ അതുതന്നെ ചെയ്യും. അപ്പോൾ ഏത് ലഹരിയെയും നമുക്ക് മറികടക്കാൻ സാധിക്കും.
ഇത് കേട്ട് ഒരുപാട് പേർ ചോദിക്കുമായിരിക്കാം, എത്ര നാളത്തേക്കാണ് ഇതൊക്കെ, വീണ്ടും തുടങ്ങാനല്ലേ എന്നെല്ലാം. ഇതിന് മുമ്പും എല്ലാ ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് ഞാൻ നിർത്തിയതാണ്. പക്ഷെ, അത് ചെയ്തത് നിർബന്ധത്തിന്റെയും പേടിയുടെയും പേരിലായിരുന്നു. പക്ഷെ, ഇന്ന് ഞാനത് ചെയ്തത് എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകൾക്ക് വേണ്ടിയാണ്. എന്നെ സംബന്ധിച്ചെടുത്തോളം, ലഹരി ഒരു കംപാനിയൻഷിപ്പാണ്. ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോഴും കൂട്ടായി നിൽക്കുന്ന ഒരു കംപാനിയൻ. അത് നമുക്ക് സന്തോഷം തരുമായിരിക്കാം, എന്നാൽ അതൊരിക്കലും നിലനിൽക്കുന്നത് ആയിരിക്കില്ല. അതുവഴി നമുക്ക് മാത്രം പ്ലഷറും ബാക്കിയുള്ളവർക്ക് പ്രഷറുമാണ് കിട്ടുക. ഷൈൻ ടോം ചാക്കോ പറഞ്ഞു