താൻ സിനിമയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യം നാട്ടുകാർക്ക് ആർക്കും തന്നെ അറിയില്ലായിരുന്നുവെന്ന് ലോകയിലെ മിസ്റ്റർ നോബഡി ഷിബിൻ എസ് രാഘവ്. ലോക ഇറങ്ങുന്നത് വരെ അച്ഛനും ഒരു കൂട്ടുകാരനും മാത്രമാണ് ഇക്കാര്യങ്ങൾ കൂടുതൽ അറിയുകയെന്നും അതിന് ശേഷം ഇപ്പോൾ പണ്ട് മിണ്ടാത്തവർ പോലും മിണ്ടി തുടങ്ങിയെന്ന് ഷിബിൻ എസ് രാഘവ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷിബിൻ എസ് രാഘവിന്റെ വാക്കുകൾ
ഞാൻ സിനിമയിൽ ട്രൈ ചെയ്യുന്നതിനെക്കുറിച്ചോ ഓഡീഷനുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ നാട്ടിലുള്ളവർക്കൊന്നും അധികം അറിയില്ല. അച്ഛനോടും എന്റെ ഒരു കൂട്ടുകാരനോടും മാത്രമേ ഞാൻ ഇക്കാര്യങ്ങൾ ഷെയർ ചെയ്യാറുള്ളൂ. ഓഡീഷനൊക്കെ പോകുമ്പോൾ രാവിലെ 5.30നുള്ള ബസ്സിൽ കയറും. തിരിച്ച് വരുമ്പോൾ രാത്രി 12 മണി കഴിയും. അതുകൊണ്ട് ആരും അങ്ങനെ ചോദക്കാറില്ല. പിന്നെ, ഇടയ്ക്കിടെ ഏതെങ്കിലുമൊക്കെ സിനിമയിൽ കാണുമ്പോൾ ഇങ്ങനെ പറയും, അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെ. പക്ഷെ, ലോക ഇറങ്ങിയതിന് ശേഷമാണ് എല്ലാവരും ഭയങ്കര വിലയിൽ സംസാരിക്കാൻ തുടങ്ങിയത്. ഹാ, ഇത് നമ്മുടെ ചെക്കനാണല്ലോ എന്ന് പറയാൻ തുടങ്ങിയത്. മൈൻഡ് ചെയ്യാത്തവർ പോലും ചെയ്യാൻ തുടങ്ങി.
ഞാൻ നിരന്തരം ഓഡീഷനുകൾ അറ്റൻഡ് ചെയ്യുന്ന ഒരാളാണ്. ഇപ്പോഴെല്ലാം മെയിൽ അയച്ച് അതിലൂടെ സെലക്ട് ചെയ്യുന്ന രീതിയാണ്. പല ഓഡീഷനുകളിൽ പോയി പെർഫോം ചെയ്യുമ്പോൾ അതുതന്നെ നമ്മുടെ ആക്ടിങ് ഇംപ്രൂവ് ആക്കാൻ സഹായിക്കും. ഒരു ചെറുത് പോയാൽ മറ്റൊരു വലുത് തേടിയെത്തും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. പക്ഷെ, മുന്നോട്ട് പോയിക്കൊണ്ടേ ഇരിക്കുക. ഒരെണ്ണം, ഒരു തീപ്പൊരി മതി, ആളിക്കത്താൻ. അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം.