മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തിലകൻ ആഗ്രഹിച്ചിരുന്നതായി ഷമ്മി തിലകൻ. ജോസ് പെല്ലിശ്ശേരിയുടെ ചാലക്കുടി സാരഥിക്ക് അദ്ദേഹം സംവിധാനം ചെയ്ത നാടകം സിനിമയാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ നാടകം സിനിമയാക്കിയപ്പോൾ പരാജയപ്പെട്ട ചരിത്രമേയുള്ളൂ. ഇക്കാരണത്താൽ അത് ചെയ്യുവാൻ മമ്മൂട്ടിക്ക് ഭയമുണ്ടായിരുന്നു എന്ന് ഷമ്മി തിലകൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമ്മി തിലകൻ.
ഷമ്മി തിലകന്റെ വാക്കുകൾ:
സിനിമ സംവിധാനം ചെയ്യണം എന്നത് മാത്രമായിരുന്നു അച്ഛന്റെ നടക്കാതെപോയ ആഗ്രഹം. സോക്രട്ടീസ് എന്നൊരു നാടകമുണ്ട്. അത് സിനിമയാക്കണമെന്നും സോക്രട്ടീസ് ആയി അഭിനയിക്കണമെന്നും അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതുപോലെ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. ജോസ് പെല്ലിശ്ശേരിയുടെ ചാലക്കുടി സാരഥിക്ക് വേണ്ടി കൈനകരി തങ്കരാജിനെ നായകനാക്കി അച്ഛൻ സംവിധാനം ചെയ്ത പുലയൻ തമ്പ്രാൻ ആകുന്ന നാടകമാണ് സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നത്. ആ നാടകത്തിൽ സഹസംവിധാനം ഞാനായിരുന്നു.
ഇത് മമ്മൂക്കയോട് പറഞ്ഞതാണ്. കാരണം നാടകത്തിലെ ഹിറ്റ് ആയ കഥാപാത്രമാണത്. നാടകം സിനിമയാക്കിയപ്പോൾ പല സിനിമകളും പൊളിഞ്ഞിട്ടേയുള്ളൂ. അതിൽ വിരുദ്ധമായിട്ടുള്ളത് കാട്ടുകുതിര മാത്രമാണ്. മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമ അച്ഛൻ വേണ്ടെന്ന് വെച്ചത്.