വടക്കൻ സെൽഫി എന്ന സിനിമയിലെ ഷാജി എന്ന കഥാപാത്രം തനിക്ക് വളരെ പേഴ്സണലാണ് എന്ന് നടൻ അജു വർഗീസ്. ഒരാൾക്ക് ശരിക്കും കഴിവുണ്ടെങ്കിൽ, അത് അയാൾ തിരിച്ചറിയാതെ പോകുന്നുണ്ടെങ്കിൽ, അത് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഒരു കാര്യം അയാൾക്ക് ചെയ്യാൻ അറിയുമെങ്കിൽ, അത് ചെയ്തു കാണുന്നത് തനിക്ക് സന്തോഷമാണെന്നും അജു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അജു വർഗീസിന്റെ വാക്കുകൾ
വടക്കൻ സെൽഫിയിലെ ഷാജി എന്ന കഥാപാത്രം കുറച്ചുകൂടി പേഴ്സണലാണ്. എനിക്ക് ഈ കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവമുണ്ട്. അങ്ങനെയല്ലേ ധ്യാനിനെ സംവിധായകനാക്കിയത് (ചുമ്മാ പറഞ്ഞതാ). ഒരാൾക്ക് ശരിക്കും കഴിവുണ്ടെങ്കിൽ, അത് അയാൾ തിരിച്ചറിയാതെ പോകുന്നുണ്ടെങ്കിൽ, അത് നമുക്ക് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. അതായത്, ഒരു കാര്യം അയാൾക്ക് ചെയ്യാൻ അറിയുമെങ്കിൽ, അത് ചെയ്തു കാണുന്നത് എനിക്ക് സന്തോഷമാണ്. ഷാജിയും അങ്ങനെത്തന്നെയല്ലേ. ഇതിനുള്ള ഒരു ഉത്തരം നിങ്ങൾക്ക് ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിലൂടെ കിട്ടും. അതിൽ ഞാനും നിവിനും തമ്മിലുള്ള രണ്ട് കോമ്പിനേഷൻ സീനുകളുണ്ട്.
ഷാജി അന്നത്തെ പ്രായത്തിന് കുറച്ചുകൂടി കറക്ടായിരുന്നു. നമ്മുടെ പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു കംഫർട്ട് ഉണ്ടാവാറുണ്ട്. നമ്മുടെ വയസിന് താഴെയോ മുകളിലോ പ്ലേ ചെയ്യുമ്പോൾ, മനസിൽ ഒരു കുത്തൽ ഉണ്ടാകും, നമ്മൾ അല്ല ഇത് എന്ന്. ഞാനെപ്പോഴും വയസ് കൂട്ടിപ്പറയാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. അതുകൊണ്ട് സീരിയസായ കഥാപാത്രങ്ങൾ ചെയ്യുമ്പോഴായിരുന്നു എനിക്ക് ഹൈ. കോമഡി ചെയ്യുമ്പോൾ വളരെ സംശയത്തോടെയാണ് ചെയ്യുന്നത്. അതിനെ പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണ് ആ ഹൈ എനിക്ക് ലഭിക്കാറുള്ളത്. അജു വർഗീസ് പറഞ്ഞു.