കളിക്കളം എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചനകളുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അക്കാര്യത്തെക്കുറിച്ച് മമ്മൂട്ടിയോട് ഒരിക്കൽ സംസാരിച്ചിരുന്നു. അതൊരു സരസമായ ആലോചനയാണെന്നും ചിലപ്പോൾ അത് സിനിമ ആയേക്കാമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'കളിക്കളത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെ പറ്റി മമ്മൂട്ടിയോട് പറഞ്ഞിരുന്നു. ആ സിനിമയെക്കുറിച്ചുള്ള ആലോചനകൾ മനസിലുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ ചെയ്തേക്കാം. വേണമെങ്കിൽ കുറച്ച് പ്രായമായ രൂപത്തിൽ ആണെങ്കിലും കുഴപ്പമില്ല. ആ കഥാപാത്രത്തിന്റെ പ്രായത്തിന് മാറ്റമുണ്ടെങ്കിലും ഞങ്ങൾക്ക് വിരോധമില്ല. ഒരു സരസമായ ആലോചനയാണത് ചിലപ്പോൾ അത് സിനിമ ആയേക്കാം', സത്യൻ അന്തിക്കാട് പറഞ്ഞു.
1990 ൽ പുറത്തിറങ്ങിയ മമ്മൂട്ടി-സത്യൻ അന്തിക്കാട് ചിത്രമാണ് കളിക്കളം. ശോഭന, മുരളി, ശ്രീനിവാസൻ, ലാലു അലക്സ്, മാമുക്കോയ തുടങ്ങിയവരായിരുന്നു ആ സിനിമയിലെ മറ്റു പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിച്ചത്. എസ് എൻ സ്വാമി തിരക്കഥ ഒരുക്കിയ സിനിമ ആ വർഷത്തെ വലിയ വിജയവുമായി മാറിയിരുന്നു.