മോഹൻലാൽ എന്ന നടന്റെ പെർഫോമൻസിലെ പൂർണത കൈവരുന്നത് സിങ്ക് സൗണ്ട് കൂടി വരുന്നതോടെയാണ് എന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് മനസിലാകുമെന്ന് സത്യൻ അന്തിക്കാട്. സിങ്ക് സൗണ്ടിന്റെ ഗുണങ്ങളെക്കുറിച്ച് ആദ്യം തന്നോട് പറയുന്നത് ഫഹദ് ഫാസിലാണ്. ഞാൻ പ്രകാശൻ സിങ്കിൽ ചെയ്ത് 4 ദിവസം കഴിഞ്ഞതും അതിന്റെ മാജിക്ക് തനിക്ക് മനസിലായി തുടങ്ങിയെന്നും സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
സിങ്ക് സൗണ്ടിന്റെ ഗുണം ഞാൻ പ്രകാശൻ എന്ന സിനിമ വരെ ഞാൻ മനസിലാക്കിയിരുന്നില്ല. സാധാരണ നമ്മൾ ഡബ്ബിങ്ങിലാണല്ലോ കാര്യങ്ങളെല്ലാം ചെയ്യുക. അതിൽ നമുക്ക് വേണ്ട രീതിയിൽ ഡബ്ബിങ് മാറ്റാം, അതായിരുന്നു ശരിയായ രീതി എന്നായിരുന്നു എന്റെ ധാരണ. ഫഹദ് ഫാസിലാണ് ഞാൻ പ്രകാശന്റെ സമയത്ത് എന്നോട് പറയുന്നത്, സത്യേട്ടാ, സിങ്ക് സൗണ്ട് ഒന്ന് ചെയ്ത് നോക്ക് എന്ന്. അതിന് മുമ്പ് മമ്മൂട്ടി പറയാറുണ്ട്, സിങ്ക് സൗണ്ട് ഭയങ്കര രസമുള്ള പരിപാടിയാണ് എന്ന്.
ഫഹദിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ സിങ്ക് സൗണ്ട് ചെയ്തത് അനിൽ രാധാകൃഷ്ണൻ എന്ന വ്യക്തിയായിരുന്നു, അത് നല്ലതാണ് എന്ന്. ഞാൻ പ്രകാശൻ സിങ്കിൽ ചെയ്ത് 4 ദിവസം കഴിഞ്ഞതും അതിന്റെ മാജിക്ക് എനിക്ക് മനസിലായി തുടങ്ങി. കാരണം, ഡബ്ബിങ്ങിൽ നമുക്ക് മിസ് ആയി പോകുന്ന ശബ്ദഗതിയുടെ പല വേരിയേഷനുകളുണ്ട്, അത് സിങ്കിൽ, പെർഫോം ചെയ്യുന്ന സമയത്ത് കൃത്യമായി ക്യാപ്ച്ചർ ചെയ്യാൻ സാധിക്കും. മോഹൻലാൽ അതിൽ അത്ര കംഫർട്ടബിളായിരുന്നില്ല ആദ്യം. പക്ഷെ, മോഹൻലാൽ എന്ന നടന്റെ പെർഫോമൻസിലെ പൂർണത കൈവരുന്നത് സിങ്ക് സൗണ്ട് കൂടി വരുന്നതോടെയാണ് എന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് മനസിലാകും. അക്ഷരത്തെറ്റുകൾ പോലും ഭംഗിയാണ്. ഞാൻ ലാലിനോട് പറഞ്ഞിരുന്നു, ഷൂട്ട് കഴിഞ്ഞാൽ ലാൽ ഡബ്ബിങ് തിയറ്ററിലേക്ക് വരിക പോലും ചെയ്യേണ്ട.