ഹൃദയപൂർവത്തിന്റെ ഷൂട്ട് സമയത്ത് താൻ നന്നായി ചെയ്യുന്നുണ്ട് എന്ന് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞുവെന്ന് അദ്ദേഹം വന്ന് തന്നോട് പറഞ്ഞത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു എന്ന് സംഗീത് പ്രതാപ്. ചെറുപ്പം മുതലേ നമ്മൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ആരാധനയും റെസ്പെക്ടും സ്നേഹവുമെല്ലാം ഒരു പരിധി വരെ മാറ്റിവച്ചാൽ മാത്രമേ മോഹൻലാലുമായി വളരെ ഓർഗാനിക്കായി നമുക്ക് പെർഫോം ചെയ്യാൻ സാധിക്കൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും സംഗീത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംഗീത് പ്രതാപിന്റെ വാക്കുകൾ
ഞാൻ ഷൂട്ടിന് പോകുന്നതിന് മുമ്പേ തീരുമാനിച്ച ഒരു കാര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ നമ്മൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ആരാധനയും റെസ്പെക്ടും സ്നേഹവുമെല്ലാം ഒരു പരിധി വരെ മാറ്റിവച്ചാൽ മാത്രമേ വളരെ ഓർഗാനിക്കായി നമുക്ക് പെർഫോം ചെയ്യാൻ സാധിക്കൂ എന്ന്. കാരണം, ജെറി പറയുന്ന കാര്യങ്ങൾ കേട്ടാണ്, പല സന്ദർഭങ്ങളിലും സന്ദീപ് തീരുമാനങ്ങൾ എടുക്കുന്നത്. അതുകൊണ്ട് തുടക്കത്തിൽ തന്നെ എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ സെറ്റിൽ ചെന്നപ്പോൾ അതെല്ലാം നമ്മിലേക്ക് തിരിച്ച് വരാൻ തുടങ്ങി, പേടിയൊക്കെ ഉണ്ടായിരുന്നു.
രണ്ടാമത്തെ ദിവസം ഒരു വലിയ സീക്വൻസ് എടുക്കുകയായിരുന്നു. ലാലേട്ടൻ ഒരു ക്യാരക്ടർ റോൾ പോലെ തലയാട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സീൻ മുഴുവൻ പെർഫോം ചെയ്യുന്നത് ഞാനായിരുന്നു. അപ്പോൾ ഒരു സൗഹൃദം വർക്ക് ആവുന്ന പോലെ എനിക്ക് തോന്നിയിരുന്നു. മൂന്നാമത്തെ ദിവസം സത്യൻ സാർ എന്നോട് വന്ന് പറഞ്ഞു,'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' അത് പറഞ്ഞത് എനിക്ക് ഭയങ്കര മൊമെന്റ് ആയിരുന്നു. ഞാൻ അപ്പോൾ തന്നെ മാറി നിന്ന് മമിതയ്ക്ക് മെസേജ് ചെയ്തു, ഇങ്ങനൊരു സംഭവം സംഭവിച്ചു എന്ന്.