തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ലഭിച്ചത് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കോക്ക്ടെയിലിലെ നായികാ കഥാപാത്രത്തിലൂടെയാണ് എന്ന് നടി സംവൃത സുനിൽ. രസികൻ എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ചെയ്തതെല്ലാം ക്യാരക്ടർ റോളുകളാണ്. വീണ്ടും നായികയാകാൻ സാധിക്കുമെന്ന് പിന്നീട് ചിന്തിച്ചിട്ടേയില്ല. അപ്പോഴാണ് കോക്ക്ടെയിൽ തന്നിലേക്ക് എത്തുന്നതെന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും സംവൃത ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംവൃത സുനിലിന്റെ വാക്കുകൾ
2009ലായിരുന്നു കോക്ക്ടെയിലിന്റെ കഥ കേൾക്കുന്നത്. അനൂപ് മേനോനായിരുന്നു സിനിമയുടെ നരേഷൻ തരുന്നത്. കഥ കേൾക്കുമ്പോൾ തന്നെ ഒരു വലിയ ഉത്തരവാദിത്തമുള്ള കഥാപാത്രമാണ് എന്ന് മനസിലാക്കിയിരുന്നു. അത്രയും നാൾ ഞാൻ ചെയ്തുകൊണ്ടിരുന്നത് ക്യാരക്ടർ റോളുകളായിരുന്നു. പെട്ടെന്ന് ഇത്രയും വലിയൊരു നായികാ കഥാപാത്രം എന്നുപറയുമ്പോൾ അത് പേടിപ്പെടുത്തുന്നതായിരുന്നു. പക്ഷെ, അനൂപ് മേനോനും ജയസൂര്യയും സംവിധായകൻ അരുൺ കുമാർ അരവിന്ദുമെല്ലാം എനിക്ക് കോൺഫിഡൻസ് തരികയായിരുന്നു. പക്ഷെ, അതിന് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരുപാട് നല്ല റോളുകൾ പിന്നീട് എന്നെ തേടിയെത്തി.
രസികൻ ചെയ്ത് ഒരുപാട് നാളുകൾക്ക് ശേഷമാണ് വീണ്ടും ഒരു നായികയായി സ്ക്രീനിലെത്തുന്നത്. അതും വലിയൊരു ഉത്തരവാദിത്തമായിരുന്നു. പക്ഷെ, ഒരുപാട് പേർക്ക് ആ കഥാപാത്രം റിലേറ്റ് ചെയ്യാൻ സാധിച്ചു. പേഴ്സണലി എന്നോട് ഒരുപാട് പേർ വന്ന് അക്കാര്യം പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ആലോചിക്കുമ്പോൾ അത് വളരെ ടച്ചിങ് ആണ്, പക്ഷെ ഒരു ആക്ടർ എന്ന നിലയിൽ എന്റെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു കോക്ക് ടെയിൽ. സംവൃത സുനിൽ പറയുന്നു.