ഹലോ സിനിമയിലെ തന്റെ വേഷം വെറും ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണെന്ന് നടി സംവൃത സുനിൽ. ചെറിയൊരു പോർഷനേ ഷൂട്ട് ചെയ്തുള്ളൂ എങ്കിലും സിനിമയിൽ ഉടനീളം തന്റെ ഫോട്ടോ ഉപയോഗിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു. ചോക്ലേറ്റ് സിനിമയുടെ ഷൂട്ടിന്റെ സമയത്താണ് ഹലോയിലേക്കുള്ള അവസരം തനിക്ക് ലഭിച്ചതെന്നും മോഹൻലാലുമായി ഒരു സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു ചെറിയ റോളായിരുന്നെങ്കിലും ഓക്കെ പറയാൻ കാരണം എന്നും സംവൃത ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംവൃത സുനിലിന്റെ വാക്കുകൾ
അന്ന് ഞങ്ങൾ ചോക്ലേറ്റ് സിനിമ ഷൂട്ട് ചെയ്യുന്ന സമയമായിരുന്നു. സംവിധായകൻ ഷാഫിയുടെ സഹോദരനാണ് സംവിധായകൻ റാഫി. പുള്ളി ആ സമയത്ത് സെറ്റിൽ വന്നിരുന്നു. അപ്പോൾ ഹലോയുടെ ഷൂട്ട് നേരത്തെ തുടങ്ങിയിരുന്നു. അവിടെവച്ച് ഷാഫിയാണ് എന്നോട് ചോദിക്കുന്നത്, 'ഇങ്ങനെ ഒരു പ്രോജക്റ്റ് ഉണ്ട്, അഭിനയിക്കാൻ താൽപര്യമുണ്ടോ' എന്ന്. എന്നെ സംബന്ധിച്ചെടുത്തോളം, ലാലേട്ടനുമായി ഒന്നിച്ചൊരു സിനിമ. പാട്ടിൽ ഒരു സ്ഥലത്ത്, പിന്നെ ക്ലൈമാക്സിൽ. ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. പെട്ടന്ന് ഓക്കെ പറഞ്ഞു, ഒരു ദിവസത്തെ ഷൂട്ടും കഴിഞ്ഞ് തിരിച്ച് വന്നു. ഒരു ദിവസത്തെ ഷൂട്ടേ ഉണ്ടിയിരുന്നുള്ളൂ എങ്കിലും സിനിമയിൽ ഉടനീളം എന്റെ ഫോട്ടോ ഉപയോഗിച്ചിരുന്നു. അന്ന് അവിടെ പോയി കാര്യങ്ങൾ എല്ലാം കാണുമ്പോഴും, ഞാൻ കരുതുന്നത്, ആ സെറ്റപ്പ് പാട്ടിന് വേണ്ടി മാത്രമായിരിക്കും എന്നാണ്. കഥയിൽ മുഴുവൻ ഇത്തരമൊരു പ്ലേസ്മെന്റ് ഉണ്ടാകുമെന്ന് കരുതിയില്ല.
ഇതുപോലെത്തന്നെ ആയിരുന്നു ചന്ദ്രോത്സവം എന്ന മോഹൻലാൽ സിനിമയുടെയും ഭാഗമാകുന്നത്. മീനയുടെ കുട്ടിക്കാലം ലാലേട്ടനൊപ്പം ചെയ്യുക എന്നതായിരുന്നു എന്നെ അതിൽ എക്സൈറ്റഡായക്കിയ കാര്യം. ലാലേട്ടൻ ഡയലോഗ് പറയുമ്പോൾ നമ്മൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോകും. അതെല്ലാം വളരെ ചെറിയ ലേണിങ് എക്സ്പീരിയൻസുകൾ ആയിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ അങ്ങനെ ചെയ്തിട്ടുള്ള ചെറിയ വേഷങ്ങൾ അത്രയും ഒരുപാട് സഹായിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ എഴുത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്.