സിനിമയിലെ കഥാപാത്രങ്ങളുടെ രൂപീകരണത്തെക്കുറിച്ച് തിരക്കഥാകൃത്ത് സമീർ അബ്ദുൾ. കഥ എഴുതുമ്പോൾ ഒരിക്കൽ പോലും അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാരോ നടിമാരോ തന്റെ മനസ്സിലേക്ക് വരാറില്ല. ആ കഥാപാത്രങ്ങളിൽ അഭിനേതാക്കൾ തൃപ്തരായാൽ അവർ അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കും. തങ്ങൾ കഥാപാത്രങ്ങളെ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് സമീർ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സമീർ അബ്ദുൾ.
സമീർ അബ്ദുളിന്റെ വാക്കുകൾ:
റോഷാക്കിന്റെ ഷൂട്ടിങ് തുടങ്ങി ഒരു രണ്ടാഴ്ച കഴിഞ്ഞ സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരൊറ്റ ഡയലോഗ് എങ്കിലും തന്നത് എന്ന്. എന്നാൽ അത് മനപ്പൂർവ്വം ചെയ്തതായിരുന്നില്ല. കാരണം ആ സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്ന ലൂക്ക് എന്ന കഥാപാത്രം ഒരുപാട് സംസാരിക്കുന്ന ആളല്ല. അയാൾ കാര്യങ്ങൾ നിരീക്ഷിക്കുന്ന ഒരാളാണ്, അല്ലെങ്കിൽ അയാളുടെ ലക്ഷ്യം മറ്റൊന്നാണ്.
അടിസ്ഥാനപരമായി അത്തരം കഥാപാത്രങ്ങളെ പിന്തുടരുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഭാഗ്യത്തിന് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ എല്ലാം അതിനോട് സഹകരിക്കുന്നവരാണ്. അല്ലാതെ, ഞാൻ ഇന്ന കാര്യത്തിലാണ് സ്ട്രോങ്ങ്, അതുകൊണ്ട് അങ്ങനെയുള്ള രംഗങ്ങൾ തരണം എന്ന് അവർ പറയാറില്ല. ആ കഥാപാത്രത്തിന് എന്താണോ ആവശ്യം, അത് ഒരു എഴുത്തുകാരൻ എന്ന രീതിയിൽ ഞാൻ കൊടുക്കുന്നു.
ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി കഥ എഴുതുമ്പോൾ ഒരിക്കൽ പോലും അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാരോ നടിമാരോ എന്റെ മനസ്സിലേക്ക് വരാറില്ല. അത്തരത്തിലുള്ള സംഘർഷങ്ങൾ നിറഞ്ഞ ഒരു ചിന്തയിലേക്ക് ഞാൻ എത്തിപ്പെടാറുമില്ല. റോർഷാക്കിൽ ലൂക്ക് എന്ന കഥാപാത്രം ആ രംഗത്തിൽ എന്ത് ചെയ്യണം എന്ന് എഴുതിയാൽ, മമ്മൂക്കയും അതുതന്നെ ചെയ്യും. അവിടെ ആ കഥാപാത്രത്തെ നമ്മൾ നൽകുന്നതുപോലെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം എനിക്കുണ്ട്. നമ്മൾ നൽകുന്ന കഥാപാത്രങ്ങളിൽ അഭിനേതാക്കൾ തൃപ്തരായാൽ അവർ അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കും. ഒരു കാര്യത്തിൽ പോലും അവർ ഇത് ചെയ്യണമോ ചെയ്യേണ്ടയോ എന്ന് ചോദിക്കാറില്ല. ഇവിടെ നമ്മൾ ആ കഥാപാത്രങ്ങളെ പൂർണ്ണമായി പിന്തുടരുന്നു എന്ന് മാത്രമേയുള്ളൂ. അതിൽ ചിലപ്പോൾ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായേക്കാം. ചിലപ്പോൾ അത് ആ അഭിനേതാക്കളുടെ ആരാധകർക്കൊക്കെ ഒരു പ്രശ്നമായി തോന്നിയേക്കാം, എങ്കിലും സിനിമയുടെ അണിയറ പ്രവർത്തകർ എന്ന രീതിയിൽ നങ്ങൾ അതിൽ പൂർണ്ണ സന്തോഷവാന്മാരാണ്.