സലിം കുമാറിന് ലോക എന്ന ചിത്രം ഏറെ ഇഷ്ടമായെന്ന് നടൻ ചന്തു സലിം കുമാർ. ലോകയ്ക്ക് അദ്ദേഹം ഫസ്റ്റ് ഡേ തന്നെ തിയറ്ററിലെത്തി. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം തന്നെ എക്സൈറ്റ് ചെയ്യിച്ച സിനിമകളിൽ ഒന്നാണ് ലോക എന്നായിരുന്നു ഡൊമിനിക് അരുണിനോട് അച്ഛൻ പറഞ്ഞത്. മാത്രമല്ല, സിനിമ കണ്ട് അദ്ദേഹം തന്നെ കെട്ടിപ്പിടിക്കുകയും ചെയ്തുവെന്ന് ചന്തു സലിം കുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ചന്തു സലിം കുമാറിന്റെ വാക്കുകൾ
എന്റെ സിനിമകൾ കണ്ട് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാത്ത ആളാണ് അച്ഛൻ. പക്ഷെ, ലോക കണ്ട് എന്നെ പുള്ളി കെട്ടിപ്പിടിക്കുകയും ഡൊമിനിക് അരുണിനെ വിളിച്ച് പ്രശംസിക്കുകയും ചെയ്തു. അദ്ദേഹം തിയറ്ററിൽ പോയി സിനിമ കാണുന്ന ഒരാളല്ല. അത് അച്ഛൻ അഭിനയിച്ച സിനിമയോ ലോകത്ത് ആര് അഭിനയിച്ച സിനിമയോ എന്റെ സിനിമയോ ആണെങ്കിലും പുള്ളി കാണാൻ പോവാറില്ല. ലോകയുടെ കാര്യത്തിൽ ആദ്യ ദിവസം തന്നെ പോയി പടം കണ്ടു. പുള്ളിക്ക് അതിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിട്ടായിരിക്കണം. ലോകയെക്കുറിച്ച് മമ്മൂട്ടി എന്തോ സംസാരിച്ചിട്ടുണ്ടായിരുന്നു.
ആദ്യ ദിവസം സിനിമ കണ്ട് ഡൊമിനിക് അരുണിനോട് അച്ഛൻ പറഞ്ഞു, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം എന്നെ എക്സൈറ്റ് ചെയ്യിച്ച സിനിമകളിൽ ഒന്നാണ് ലോക എന്ന്. തന്റെ കണ്ണ് നിറഞ്ഞു എന്നാണ് പുള്ളി എന്നെ വിളിച്ച് പറഞ്ഞത്. ലോകയിലെ വേണുവിന്റെ കഥാപാത്രത്തിന് ആദ്യം റഫറൻസ് എടുത്തിരുന്നത് ശരിക്കുമുള്ള അരുൺ കുര്യനെയായിരുന്നു. പുള്ളി കുറച്ച് സ്ലോ ആണ്. പക്ഷെ, ആദ്യത്തെ കട്ട് വന്നപ്പോൾ ഒരു സുഖം ഇല്ലാത്തതുപോലെ തോന്നി. മീറ്റർ വ്യത്യസ്തമായിരുന്നു. പിന്നീട് വേറൊരു മീറ്റർ പിടിച്ചു. അത് അച്ഛനെ അനുകരിച്ചതൊന്നുമല്ല. താനേ വന്ന് പോയതാണ്.