'പുഴു'വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഈ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു റത്തീന.
എന്താണ് 'പാതിരാത്രി'യിൽ സംഭവിക്കുന്നത്?
ജൻസി, ഹരീഷ് എന്നീ പോലീസുകാരിലൂടെയാണ് സിനിമ കഥ പറയുന്നത്. ഒരാൾ എസ്.ഐ.യും മറ്റേയാൾ കോൺസ്റ്റബിളുമാണ്. അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അതിനൊപ്പം ഒരു രാത്രി ഡ്യൂട്ടിക്കിടെ അവരുടെ ജീവിതത്തിലേക്ക് മറ്റൊരു പ്രശ്നം കൂടി കടന്നുവരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.
സിനിമയുടെ ജോണർ
ഈ ചിത്രം ഒരു സിംഗിൾ-ലെയർ ത്രില്ലർ അല്ല. ക്രൈം ഡ്രാമയും ത്രില്ലറുമാണ്. ഒരു ഹൈബ്രിഡ് ജോണർ എന്ന് പറയാം.
പാതിരാത്രി എന്ന ടൈറ്റിൽ
ഒരു രാത്രി ഡ്യൂട്ടിക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളെയാണ് സിനിമ ചുറ്റിപ്പറ്റുന്നത്. ഹരീഷിന്റെയും ജൻസിയുടെയും മറ്റു ചിലരുടെ ജീവിതം മാറ്റിമറിച്ച ഒരു 'പാതിരാത്രി' ആയിരുന്നു അത്.
നവ്യയും സൗബിനും പ്രധാന വേഷങ്ങളിൽ
നവ്യയും ഞാനും ഒരിക്കൽ "ഒരു സിനിമ ചെയ്യാമോ" എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ കഥ കേൾക്കുന്നത്. ഒരു വനിത എസ്.ഐ.യുടെയും ഒരു കോൺസ്റ്റബിളിന്റെയും കഥ. പോലീസുകാരിയായ നവ്യയെക്കുറിച്ചുള്ള ചിന്ത എനിക്ക് കൗതുകം തോന്നിച്ചു. പ്രേക്ഷകർക്ക് ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റം കാണുന്നത് എനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി. അതുപോലെ നവ്യ ഒരു അമേസിങ് ആക്ടറുമാണ്. സകല പെണ്ണുങ്ങളോടും പുച്ഛം കാണിക്കുന്ന, ജീവിത പ്രശ്നങ്ങളുമായി നടക്കുന്ന കോൺസ്റ്റബിൾ ആവാൻ സൗബിൻ പെർഫെക്റ്റ് ആണെന്ന് തോന്നി. അങ്ങനെ അവർ രണ്ടുപേരും ഹരീഷും ജൻസിയുമായി.
ഹരീഷിന്റെയും ജൻസിയുടെയും ഇടയിലെ “ഈഗോ ക്ലാഷ്” സിനിമയുടെ കഥാഗതിയിൽ നിർണായകമാകുമോ?
ഇവർക്കിടയിലെ ഈഗോ ക്ലാഷിനല്ല, മറിച്ച് ഇമോഷനുകൾക്കാണ് സിനിമയിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതിന് സിനിമയിൽ നിർണായക സ്ഥാനമുണ്ട്.
മറ്റു പ്രധാന കഥാപാത്രങ്ങൾ
സണ്ണി വെയ്ൻ ഒരു പത്രപ്രവർത്തകനായി അഭിനയിക്കുന്നു. അയാളുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ആൻ അഗസ്റ്റിൻ ചെയ്യുന്നത്. ഗ്രേഡ് എസ്.ഐ. ആയി ഹരിശ്രീ അശോകൻ എത്തുന്നു. ഇവരെ കൂടാതെ ഇന്ദ്രൻസ്, ശബരീഷ് വര്‍മ, കന്നഡ നടൻ അച്യുത് കുമാർ തുടങ്ങി നിരവധി അഭിനേതാക്കൾ വിവിധ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
'ജേക്സ് ബിജോയ് മാജിക്ക്'
ജേക്സ്, എന്റെ ആദ്യ സിനിമയായ പുഴുവിലും സംഗീതസംവിധായകനായിരുന്നു. പാതിരാത്രിയിലും ജേക്സ് മാജിക്ക് തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
'From the maker of Puzhu' നൽകുന്ന ചലഞ്ച്
'പുഴു'വിന് ശേഷം വരുന്ന സിനിമയെന്ന നിലയിൽ പാതിരാത്രിയ്ക്ക് തീർച്ചയായും ഒരു ബൂസ്റ്റുണ്ട്. എന്നാൽ അതേസമയം, ആ പ്രതീക്ഷകൾ ഒരു വലിയ ചലഞ്ചുമാണ്. ഇത് പുഴു പോലെ ശക്തമായ രാഷ്ട്രീയ സിനിമയല്ല. എന്നാൽ, ഒരു സിനിമ ചെയ്യുമ്പോൾ അതിൽ സോഷ്യൽ റെലവൻസ് ഏതെങ്കിലും രീതിയിൽ വരാതിരിക്കില്ല. അത് ചിലപ്പോൾ മനപ്പൂർവം ആവണമെന്നില്ല.
പാതിരാത്രി തിയറ്ററിൽ എപ്പോൾ?
ഉടൻ തീയതി പ്രഖ്യാപിക്കും!