Film News

സൂപ്പര്‍താര പരിവേഷങ്ങൾ അഴിച്ചു വെച്ച് അഭിനയ ചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തിയിരിക്കുന്ന സിനിമ; 'തുടരും' കണ്ട് രമേശ് ചെന്നിത്തല

തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് തുടരും എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിലും ബോക്സ് ഓഫീസിലും കാഴ്ചവയ്ക്കുന്നത്. മനോഹരമായ ഒരു സിനിമയാണ് തുടരും എന്നും നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ഈ സിനിമ പറയുന്നുണ്ട് എന്നും രമേശ് ചെന്നിത്തല പറയുന്നു. ചിത്രത്തിലെ പ്രകാശ് വർമയുടെ പ്രകടത്തെക്കുറിച്ചക്കും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രമേശ് ചെന്നിത്തല എടുത്തു പറഞ്ഞിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ പോസ്റ്റ്:

തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററിലാണ് പോയത്. മനോഹരമായ സിനിമ.

നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു.

എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുംബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ഇതില്‍. പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ - ശോഭന ജോഡി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍. തുടക്കത്തില്‍ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാര്‍ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്.

ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിര്‍ത്താനാവില്ല. ഇരുത്തം വന്ന പ്രകടനം. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ തുടരണം.

പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയുമാണ്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT