അഭിനയത്തിലേക്ക് വന്നാൽ മമ്മൂട്ടി ഒരു ചെറിയ കുട്ടിയെ പോലെയാണെന്നും ഒന്ന് പറഞ്ഞുകൊടുത്താൽ ഒരുപാട് കാര്യങ്ങൾ നമുക്ക് തിരിച്ചു തരുമെന്നും സംവിധായകൻ റാം. ഇത്ര വലിയ നടനായിരുന്നിട്ടും ഒരു കാര്യം അറിയില്ല എന്ന് മനസിലാക്കിയാൽ, അത് വന്ന് ചോദിക്കാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ തനിക്കും പഠിക്കാനായി എന്ന് ക്യു സ്റ്റുഡിയോയോട് റാം പറഞ്ഞു.
സംവിധായകൻ റാമിന്റെ വാക്കുകൾ
മമ്മൂട്ടി എന്ന നടനെക്കുറിച്ച് പറയാൻ ഞാൻ ആരുമല്ല. അദ്ദേഹവുമായി പേരൻപ് എന്ന ഒരു സിനിമ മാത്രമാണ് ഞാൻ വർക്ക് ചെയ്തിട്ടുള്ളത്. അതിൽത്തന്നെ ഞാൻ അദ്ദേഹത്തിൽ നിന്നും പല കാര്യങ്ങൾ പഠിച്ചു. ഒരു നടൻ എന്ന നിലയിൽ കണ്ണ് എങ്ങനെ ഒരു ഷോട്ടിൽ വെക്കണം, നമ്മുടെ ശരീരത്തെ എങ്ങനെ പ്ലേസ് ചെയ്യണം അങ്ങനെയെല്ലാം. എന്തുണ്ടെങ്കിലും വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാളാണ്. ഉദാഹരണത്തിന്, മകൾക്ക് പീരീഡ്സായ സമയത്ത്, ബ്ലഡ് കണ്ട് അമുദവൻ ഞെട്ടുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. ഞങ്ങൾ അത് പ്ലാൻ ചെയ്തിരുന്നതായിരുന്നില്ല. മമ്മൂട്ടി എന്നോട് വന്ന് ചോദിച്ചു, സർ ഇത് എങ്ങനെ ചെയ്യണം എന്ന് എനിക്ക് അറിയില്ല, ഒന്ന് പറഞ്ഞ് തരാമോ എന്ന്. അപ്പോൾ ഞാനും പറഞ്ഞു, എനിക്ക് അറിയില്ലെന്ന്. അപ്പോൾ അദ്ദേഹം കുറച്ച് ആലോചിച്ചതിന് ശേഷം വരാം എന്നുപറഞ്ഞ് പോയി. പിന്നെയും വന്ന് പറഞ്ഞു, ആർക്കും എന്നെ സഹായിക്കാൻ പറ്റിയില്ല, എന്താ ചെയ്യേണ്ടത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഒന്നും ചെയ്യണ്ട, അഭിനയിക്കണമെന്നില്ല, വെറുതെ ഒരു ലുക്ക് കൊടുത്താൽ മതി എന്ന്. അതാണ് സിനിമയിലുള്ളത്.
ആക്ടിങ്ങിലേക്ക് വന്നാൽ അദ്ദേഹം ഒരു ചെറിയ കുട്ടിയായി മാറും. അത്ര പാഷണേറ്റാണ്. കുറച്ച് പുഷ് ചെയ്താൽ ഭയങ്കരമായ കാര്യങ്ങൾ ചെയ്തുകളയും. അമുദവൻ എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. ആ ജീവിതത്തിൽ അദ്ദേഹം താൻ ആരാണെന്നോ തനിക്ക് ഒരുപാട് ആരാധകരുണ്ടെന്നോ ഒന്നും നോക്കിയിരുന്നില്ല.