തന്റെ ശ്വാസം പോലം നിലച്ചു പോകുന്ന തരത്തിലുള്ള പ്രകടനമായിരുന്നു കണ്ണപ്പയിൽ വിഷ്ണു മഞ്ചുവിന്റേത് എന്ന്സംവിധായകൻ രാം ഗോപാൽ വർമ. വലിയ ക്യാൻവാസിൽ വമ്പൻ താരനിരയുമായി തിയറ്ററുകളിലെത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, അക്ഷയ് കുമാർ എന്നിവരെക്കൂടാതെ മോഹൻലാലും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഒരു നിരീശ്വരവാദിയായ തനിക്ക് പോലും ഇഷ്ടപ്പെടുന്ന തരത്തിലുള്ള അഭിനയമായിരുന്നു ചിത്രത്തിൽ വിഷ്ണുവിന്റേത് എന്ന് രാം ഗോപാൽ വർമ വിഷ്ണു മഞ്ചുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. വിഷ്ണു മഞ്ചു തന്നെയാണ് രാം ഗോപാൽ വർമ അയച്ച മെസേജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
രാം ഗോപാൽ വർമ്മ പറഞ്ഞത്:
ആദ്യം തന്നെ പറയട്ടെ ദൈവങ്ങളോടും ഭക്തരോടും താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സിനിമ ഞാൻ ഒരിക്കലും കാണാറുമില്ല. പക്ഷേ ഓറിജിനൽ കണ്ണപ്പ കോളേജ് കാലത്ത് ഞാൻ നാല് തവണ കണ്ടിട്ടുണ്ട്. അത് പക്ഷേ നായകനെയും നായികയെയും പാട്ടുകളും ഒക്കെ കാണാൻ വേണ്ടിയായിരുന്നു. തിന്നഡുവായി നിങ്ങൾ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, പകരം ഒരു മഹാപുരോഹിതനെപ്പോലെ വിശ്വാസത്തിന്റെ ഒരു ക്ഷേത്രമായി നീ മാറുകയായിരുന്നു ഇതിൽ. എന്റെ ശ്വാസം പോലും നിലച്ചു പോയ പ്രകടനമായിരുന്നു അത്. ക്ലൈമാക്‌സിലെ ശിവലിംഗത്തിൽ നിന്ന് ചോരയൊഴുകുന്നത് തടയാനായി തിന്നഡു തൻറെ കണ്ണുകൾ നൽകുന്നിടത്ത് അഭിനയത്തിന്‍റെ വലിയ ഉയരങ്ങളിലേക്കാണ് നിങ്ങൾ കടന്നിരിക്കുന്നത്. സാധാരണയായി ഒരു നിരീശ്വരവാദിയായ ഞാൻ ഇത്തരം സീനുകളൊന്നും കാര്യമാക്കാറില്ല. പക്ഷെ നിങ്ങൾ കാരണം ഇന്ന് എനിക്ക് അത് ഇഷ്ടപ്പെട്ടു. ശിവന് മുന്നിൽ കീഴടങ്ങുമ്പോഴുള്ള കഥാപാത്രത്തിന്‍റെ ആത്മാർത്ഥതയുടെ ആഴം വളരെ വൈകാരികമായി തന്നെ മുഖത്ത് കൊണ്ടുവന്ന് നിങ്ങൾ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും പ്രഭാസിനെ കാണാനാകാം ഒരുപക്ഷേ തിയറ്ററിൽ വരുന്നത്. പക്ഷേ ഞാൻ ഇപ്പോൾ നിങ്ങളെ കാണാൻ വേണ്ടിയാണ് കണ്ണപ്പയ്ക്ക് ടിക്കറ്റ് എടുക്കാൻ പോകുന്നത്.
മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.കിരാത എന്ന കഥാപാത്രത്തെയാണ് കണ്ണപ്പയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. ഭഗവാൻ ശിവൻ ആയാണ് അക്ഷയ് കുമാർ എത്തുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.