Film News

മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ, സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ വെറുപ്പ് മോഹൻലാലിന് നേർക്ക് തുപ്പണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

എമ്പുരാനിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് എംൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നതെന്നും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ‌ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ‌ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു. KGF ഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്. മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം. എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , the Big M's. അതിനൊരു കോട്ടം വരുത്താനുള്ള കെല്പ്പൊന്നും ബജ്രംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത്. ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ട അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ. തൊട്രാ പാക്കലാം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ചർച്ചകൾ വരുന്നുണ്ട്. പല സംഘപരിവാർ അനുകൂലികളും ചിത്രം കാണരുതെന്ന് സോഷ്യൽ മീഡിയയിലൂടെ ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT