Film News

'അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ചിത്രം'; ഉള്ളൊഴുക്കിനെ പ്രശംസിച്ച് മന്ത്രി ആർ ബിന്ദു

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക് സിനിമയെ പ്രശംസിച്ച് മന്ത്രി ആർ ബിന്ദു. ചിത്രത്തിന്റെ പ്രമേയപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണ് എന്നും കുടുംബം എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം“ തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ഈ ചിത്രം വിജയിച്ചിട്ടുണ്ട് എന്നും മന്ത്രി ആർ ബിന്ദു പറയുന്നു. നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി ആർ ബിന്ദു പറഞ്ഞു.

മന്ത്രി ആർ ബിന്ദുവിന്റെ പോസ്റ്റ്:

മുഖ്യമായും സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നിൽക്കുന്ന സിനിമ എന്ന് കേട്ടതിനാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു പേരും മികച്ച അഭിനേതാക്കളെന്ന നിലയിൽ സ്നേഹാദരങ്ങളോടെ കാണുന്നവർ ആയതിനാലും റിലീസ് ചെയ്ത ദിവസം തന്നെ “ഉള്ളൊഴുക്ക്” കാണാൻ പോയി. പ്രമേയപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണ്. “കുടുംബം” എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം“ തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ. മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ച്ചക്കായി വെക്കേണ്ട പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട്, ചിത്രം.മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്. പക്ഷേ, അവസാനഭാഗം വീണ്ടും സാംപ്രദായികതയുടെ പരിമിതവൃത്തത്തിലേക്കുള്ള തിരിച്ചു പോക്കായോ എന്ന് സംശയം തോന്നായ്കയില്ല. നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണേ. .. ഈ ലോകം പെണ്ണുങ്ങളുടേതു കൂടിയാണല്ലോ.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്കിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT