Film News

ബോക്സ് ഓഫീസ് താഴാതെ ഭരിച്ച് അല്ലു അർജുൻ, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 600 കോടി കടക്കുന്ന ചിത്രമായി 'പുഷ്പ 2'

ആ​ഗോള ബോക്സ് ഓഫീസിൽ 600 കോടി കടന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 600 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമായി ഇതോടെ പുഷ്പ 2 മാറി. ചിത്രത്തിന്റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങൾകൊണ്ട് 383 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രമായി നേടിയത്. ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നു മാത്രമായി 115.58 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇൻഡസ്ട്രി ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്നിക്കിന്റെ കണക്ക് പ്രകാരം 115.58 കോടി രൂപ കളക്ഷനുമായി ശനിയാഴ്ച ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനുമായി കുതിക്കുകയാണ് പുഷ്പ 2. ചിത്രത്തിന്റെ മറ്റു പതിപ്പുകളെ അപേക്ഷിച്ച് ഹിന്ദി പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. ഹിന്ദി പതിപ്പിൽ നിന്ന് 73.5 രൂപയും തെലുങ്ക് പതിപ്പിൽ നിന്ന് 31.5 കോടി രൂപയും തമിഴിൽ നിന്ന് 7.5 കോടി രൂപയുമാണ് ചിത്രം നേടിയത്. ചിത്രം ഒന്നാം ദിവസം നേടിയതിനെക്കാൾ കളക്ഷൻ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ഷാരൂഖ് ഖാൻ ചിത്രം ജവാൻ ഒറ്റ ദിവസം കൊണ്ട് നേടിയ കളക്ഷനാണ് ഇതോടെ പുഷ്പ തകർത്തത്. ജവാൻ അതിന്റെ ആ​ദ്യ ശനിയാഴ്ച നേടിയ കളക്ഷൻ 71.63 കോടിയാണ്. മൂന്നു ദിവസം കൊണ്ട് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയത് 200 കോടി രൂപയാണ്. ഞായറാഴ്ച പിന്നിടുന്നതോടെ ഇത് 270 ആയി വർ​ധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒരേ ദിവസം രണ്ട് ഭാഷകളിലായി 50 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും പുഷ്പ സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്കിലും ചിത്രം ശക്തമായ ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ച മാത്രം ചിത്രം നേടിയത് ഏകദേശം 30-35 കോടിയോളമാണ്. തമിഴ്നാട്ടിൽ ചിത്രം 10.5 കോടിയോളം ​ഗ്രോസ് കളക്ഷൻ നേടി. എന്നാൽ പുഷ്പയുടെ കേരളത്തിലെ കളക്ഷനിൽ ചെറുതല്ലാത്ത ഒരു ഇടിവ് സംഭവിച്ചിട്ടുണ്ട്. 6.35 കോടി രൂപ ആദ്യ ദിനം തന്നെ കേരളത്തിൽ നിന്നും നേടിയ പുഷപയ്ക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ 2.15 കോടിയാണ് ​ഗ്രോസ് കളക്ഷൻ.

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'പുഷ്പ ദ റൂൾ'.പുഷ്പയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങിയത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലുമായാണ് ചിത്രം റിലീസിന് എത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചിരിക്കുന്നത് അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT