Film News

'താടി വെയ്ക്കണം, പിന്നെ വെട്ടണം'; ഷെയ്‌ന്റെ വിലക്ക് നീക്കിയ നിര്‍മ്മാതാക്കളുടെ കരാര്‍ വ്യവസ്ഥകള്‍

നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുണ്ടായ വിവാദങ്ങള്‍ക്ക് മൂന്ന് മാസത്തിന് ശേഷം പരിഹാരമുണ്ടായിരിക്കുകയാണ്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കെ നടന്‍ മുടി മുറിച്ചതും നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയതിന്റെ വോയ്‌സ് മെസേജുകളും തുടങ്ങിയ പ്രശ്‌നം മൂന്ന് ചിത്രങ്ങളെയായിരുന്നു ബാധിച്ചത്. ഖുര്‍ബാനി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു താരം മുടി മുറിച്ചത്. പിന്നീട് മറ്റൊരു ചിത്രമായ ഉല്ലാസത്തിന്റെ പ്രതിഫലത്തുകയുടെ പേരില്‍ വിവാദമുണ്ടായി. പ്രശ്‌നപരിഹരാത്തിനായി ആദ്യം ഉല്ലാസം ഡബ്ബ് ചെയ്യുകയും, വെയില്‍, ഖുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് താരത്തിന്റെ വിലക്ക് ഇപ്പോള്‍ നിര്‍മാതാക്കളുടെ സംഘടന നീക്കിയിരിക്കുന്നത്.

ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി ധാരണകളുണ്ടായിക്കിയത്. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലും ഖുര്‍ബാനിയുമാണ് താരം ആദ്യം പൂര്‍ത്തിയാക്കുക. മുടി വെട്ടിയതിനും ഗെറ്റപ്പ് മാറിയെന്നും പറഞ്ഞ് ആരംഭിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍, നഷ്ടപരിഹാരത്തിനൊപ്പം താടിയും കരാറിലിടം നേടിയെന്ന് 'ന്യൂസ് 18' റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് ഒന്‍പതിന് വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തണം. മാര്‍ച്ച് 28 ശനിയാഴ്ചയ്ക്കകം ഈ ചിത്രത്തിലെ താടിവച്ചുള്ള മുഴുവന്‍ രംഗങ്ങളും അഭിനയിച്ച് പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ നിര്‍ദേശം.20 ദിവസമാണ് വെയില്‍ സിനിമയ്ക്കായി താടിവച്ച് ഷെയ്ന്‍ അഭിനയിക്കേണ്ടത്.

വെയില്‍ പൂര്‍ത്തിയായതിന് ശേഷം മുടങ്ങിക്കിടക്കുന്ന മറ്റൊരു ചിത്രമായ ഖുര്‍ബാനിയുടെ ചിത്രീകരണത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ എത്തണം. മാര്‍ച്ച് 31 മുതലാണ് ഖുര്‍ബാനിയുടെ ചിത്രീകരണം. അവിടെ ആദ്യം 14 ദിവസം സിനിമയില്‍ താടിവെച്ച് അഭിനയിക്കണം. പിന്നീടുള്ള അഞ്ച് ദിവസം താടിയില്ലാത്ത ഗെറ്റപ്പിലും അഭിനയിച്ച് ചിത്രം പൂര്‍ത്തിയാക്കണം. ഈ രണ്ട് സിനിമകളും പൂര്‍ത്തിയായതിന് ശേഷമേ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടുള്ളു. താരം മുടി വെട്ടിയതിനെ തുടര്‍ന്നാണ് പ്രശ്‌നം മുഴുവന്‍ ഉണ്ടായതെങ്കിലും കരാറില്‍ മുടിയെക്കുറിച്ച് പറയുന്നില്ല.

രണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും 16 ലക്ഷം വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പ്രതിഫലത്തില്‍ ഇത് കുറച്ച് നിര്‍മാതാക്കള്‍ നല്‍കിയാല്‍ മതിയെന്നാണ് കരാര്‍. ജോബി ജോര്‍ജാണ് വെയില്‍ നിര്‍മിക്കുന്നത്. മഹാസുബൈറാണ് ഖുര്‍ബാനിയുടെ നിര്‍മാതാവ്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചിത്രമാണ് ഷെയ്‌ന്റേതായി ഇനി ഒരുങ്ങുന്നത്. താരത്തിന്റെ വിലക്ക് നീക്കിയതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT