Film News

സിനിമയുടെ മുഴുവൻ ബഡ്ജറ്റിൽ 50 മുതൽ 70 ശതമാനം വരെയാണ് താരങ്ങളുടെ പ്രതിഫലം, നിവൃത്തികേടാണ് സമരത്തിലേക്ക് നയിച്ചത്: ബി രാകേഷ്

മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമ്പൂർണ്ണമായ ഒരു അടച്ചു പൂട്ടലിലേക്ക് കടക്കുകയാണ് സിനിമയിലെ സംയുക്ത സംഘടനകൾ. താരങ്ങളുടെ ഉയർന്ന പ്രതിഫലം താങ്ങാനാവുന്നില്ലെന്ന് നിർമാതാക്കൾ കഴിഞ്ഞ ദിവസമാണ് പ്രസ്സ് മീറ്റിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. ഒരു സിനിമയുടെ മുഴുവൻ ബ‍ഡ്ജറ്റിൽ 50 - 70 ശതമാനം വരെയാണ് താരങ്ങളുടെ പ്രതിഫലമായി വരുന്നതെന്നും ബാക്കി 30 - 40 ശതമാനത്തിലാണ് മുഴുവൻ സിനിമയുടെ ബഡ്ജറ്റും കേന്ദ്രീകരിക്കപ്പെടുന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് പറയുന്നു. ഏതെങ്കിലും വ്യക്തികൾക്ക് എതിരെയോ ആർട്ടിസ്റ്റുകൾക്ക് എതിരെയോ അല്ല സംഘടനകൾ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം എന്നും നിവൃത്തികേട് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് തങ്ങൾക്ക് പോകേണ്ടി വന്നതെന്നും ബി രാകേഷ് ക്യു സ്റ്റുഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള പ്രശ്നം ഞങ്ങൾ കൊവിഡിനും മുന്നേ ഉയർത്തിയത്

കൊവിഡിന് മുമ്പ് താരങ്ങളുടെ പ്രതിഫല തുക കൂടുതലാണ് അത് കുറയ്ക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആ സമയത്താണ് ഒടിടി വരുന്നതും വലിയ വിലയ്ക്ക് അവർ പടം വാങ്ങാൻ തുടങ്ങിയതും. അതോടെ അന്ന് ഞങ്ങൾ കൂടുതലാണെന്ന് പറഞ്ഞ പൈസയുടെ നാലിരട്ടിയും അഞ്ചിരട്ടിയും പ്രതിഫലം അവർ വാങ്ങിക്കാൻ തുടങ്ങി. അന്ന് ഒടിടിയിൽ നല്ല കച്ചവടം നടക്കുന്നത് കൊണ്ട് ഞങ്ങൾ ആരും അതിനെതിരെ പ്രതികരിച്ചില്ല. എന്നാൽ ഈ ഒടിടിയുടെ വ്യാപാരം നിന്നതിന് ശേഷവും ഇതേ പ്രതിഫലം തന്നെയാണ് അവർ വാങ്ങിക്കൊണ്ടിരിക്കുന്നത്. അതാണ് ഇത്തരം ഒരു കാര്യം ഞങ്ങൾ ഉന്നയിക്കാൻ കാരണം. അല്ലാതെ ഒടിടി വാങ്ങാത്തത് കൊണ്ട് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നല്ല ഞങ്ങൾ പറഞ്ഞത്. ഒടിടി വന്നതിന് ശേഷം താരങ്ങൾ മൂന്നും നാലും ഇരട്ടിയായി അവരുടെ പ്രതിഫലം കൂട്ടുകയാണുണ്ടായത്. 2 രൂപ വാങ്ങിക്കൊണ്ടിരുന്നയാൾ 8 രൂപ വാങ്ങാൻ തുടങ്ങി. 3 രൂപ വാങ്ങിക്കൊണ്ടിരുന്നവർ ഇപ്പോൾ 15 കോടിയും ഓവർസീസും വാങ്ങാൻ തുടങ്ങി അതൊക്കെയാണ് ഇപ്പോഴത്തെ പ്രശ്നം. കച്ചവടം നടക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ആരും തന്നെ വ്യക്തികൾക്ക് എതിരല്ല. ഇപ്പോൾ ഒടിടിയിൽ കച്ചവടം നടക്കുന്നത് നേരത്തേ പ്രോജക്ടുകൾ കൺഫോം ചെയ്തിട്ടുള്ള ചില കമ്പനികളുടേതാണ്. ഒടിടിയിൽ മാർക്കറ്റുണ്ടായിരുന്ന സമയത്ത് അവർ ഒടിടി പ്ലാറ്റ്ഫോമുകളുമായി കമ്മിറ്റ് ചെയ്ത പ്രൊജ്ക്ടുകളാണ് അവയെല്ലാം തന്നെ. ഇതല്ലാതെ പുതുതായി വരുന്ന പടങ്ങളൊന്നും അവർ എടുക്കാനോ കാണാനോ സൈൻ ചെയ്യാനോ താൽപര്യപ്പെടുന്നില്ല. ഒരു സിനിമ ഇറങ്ങി കൊള്ളാമെങ്കിൽ ഒരു മിനിമം വിലയ്ക്ക് അവർ അത് വാങ്ങുന്നു എന്നതാണ് ഇപ്പോൾ നടക്കുന്നത്.

സർക്കാർ നിർമാതാക്കളോട് ചെയ്യുന്നത് ദ്രോഹം

വിനോദ നികുതി ഈടാക്കുന്ന സർക്കാർ നിർമാതാക്കളെ പ്രതിസന്ധിയിൽ പിന്തുണച്ചിട്ടില്ല. ഒപ്പം ഭയങ്കരമായ ദ്രോഹങ്ങളാണ് നിർമാതാക്കളോട് ചെയ്യുന്നതും. ഏതെങ്കിലും ഒരു സർക്കാർ അങ്ങനെ ചെയ്യുന്നു എന്നല്ല, എല്ലാ സർക്കാരുകളും ഇത് തന്നെയാണ് ചെയ്യുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ സിനിമ ഷൂട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുക, അല്ലെങ്കിൽ അതിന് കൂടുതൽ പണം ചാർജ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കെ കരുണാകരന്റെ സമയത്ത് അദ്ദേഹം കുറേ കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട് എന്നതല്ലാതെ അതിന് ശേഷം വന്ന എല്ലാ സർക്കാരും ഇങ്ങനെ തന്നെയായിരുന്നു. സിനിമയുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കെടിഡിസി ചെയർമാൻ ആയ സമയത്ത് തീരുമാനിച്ചത് ഒറ്റ കെടിഡിസി സ്ഥപനങ്ങൾ പോലും ഷൂട്ടിം​ഗിന് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സമരം ചെയ്യുന്നത് നിവൃത്തികേട് കൊണ്ട്

ആർട്ടിസ്റ്റുകളുമായി നമുക്കൊരു വഴക്കോ പ്രശ്നമോ ഉണ്ടെന്നല്ല പറയുന്നത്. വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് ഈ തീരുമാനം.

ദിവസവേതനക്കാരെ 'ഷട്ട് ഡൗൺ' ബാധിക്കില്ലേ?

ഇത്തരത്തിൽ ഒരു 'ഷട്ട് ഡൗൺ' നടത്തുമ്പോൾ അത് പെട്ടെന്ന് ബാധിക്കുന്നത് നിലവിൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നവരെ ആയിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ ജൂൺ വരെ സമയം കൊടുത്തിരിക്കുന്നത്.

ലാഭ വിഹിതം പങ്കിടുന്ന തരത്തിലേക്ക് പ്രതിഫല ഉടമ്പടികൾ മാറണം

ലാഭ വിഹിതം പങ്കുവയ്ക്കുക എന്നുള്ളത് ഇവിടെ പലരും ചെയ്യുന്നുണ്ട് ഇപ്പോൾ. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് സ്വീകാര്യമാണ്.

സ്റ്റാർ പ്രൊഡക്ഷൻ ഹൗസ്

രണ്ടോ മൂന്നോ താരങ്ങൾ ഒഴികെ മറ്റുള്ളവരുടെ എല്ലാം നിർമ്മാണത്തിൽ പുറത്തുനിന്നും ഇൻവെസ്റ്റേഴ്സ് ഉണ്ട് അവർ ആരും സ്വന്തം അക്കൗണ്ടിൽ നിന്ന് പൈസ എടുത്ത് അല്ലല്ലോ ഇത് ചെയ്യുന്നത്. സ്വന്തം പണം മുടക്കി പടം എടുക്കുമ്പോഴല്ലേ ആ വേദന അറിയൂ. അവർ ആരും തന്നെ സ്വന്തം പണം മുടക്കി സിനിമ ചെയ്യുന്നവരല്ല.

'എമ്പുരാൻ' റിലീസ് ആശ്വാസം പകരും എന്ന് കരുതുന്നുണ്ടോ?

'എമ്പുരാൻ' വലിയ പ്രതീക്ഷയുള്ള സിനിമയാണ്. കുറേക്കൂടി ആളുകളെ തിയറ്ററിലേക്ക് കൊണ്ടുവരാൻ എമ്പുരാനിലൂടെ കഴിയും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എല്ലാ സിനിമകളും ഓടണം എന്നാണ് ഞങ്ങൾക്ക്. ഇപ്പോൾ നല്ല സിനിമകൾ ഇറങ്ങിയിട്ടും ഓടുന്നില്ല എന്നതാണ്. 28 സിനിമകളാണ് ജനുവരി മാസം മലയാളത്തിൽ റിലീസ് ചെയ്തത്. പൊൻമാനും ഒരു ജാതി ജാതകവും 30, 31 തീയതികളിലാണ് റിലീസ് ചെയ്തത് ഞങ്ങൾ കണക്ക് കൂട്ടിയത് അനുസരിച്ച് ഒറ്റ മാസം കൊണ്ട് 102 കോടി രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. ജനുവരി മാസം റിലീസായ ചിത്രങ്ങളിൽ 3-4 ചിത്രങ്ങൾ ആണ് നല്ല നിലയിൽ പോകുന്നത്. ഇതിൽ ചില സിനിമകൾ താരങ്ങളുടെ പ്രതിഫലം കുറവായിരുന്നു എങ്കിൽ ലാഭത്തിൽ ആയേനെ. വലിയ ഒരു ലാഭം എന്ന് പറയാൻ പറ്റില്ലെങ്കിലും നഷ്ടമുണ്ടാകാതെയിരുന്നേനെ. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ബഡ്ജറ്റിൽ 50% ശതമാനത്തിന് മുകളിൽ ആർട്ടിസ്റ്റിന്റെ പ്രതിഫലമാണ്. അത് ഇപ്പോൾ 60 മുതൽ 70 വരെ പോകുന്നുണ്ട്. ബാക്കി വരുന്ന 30 - 40 ശതമാനത്തിലാണ് സിനിമയുടെ മുഴുവൻ ബഡ്ജറ്റും വരുന്നത്.

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ

SCROLL FOR NEXT