കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് തരാം ദീപിക പദുകോൺ ഉണ്ടായിരിക്കില്ല എന്ന് അറിയിച്ച് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് നിർമ്മാതാക്കൾ ഇക്കാര്യം അറിയിച്ചത്. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം സ്വീകരിച്ചത് എന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
'കൽക്കി 2898 എഡിയുടെ തുടർഭാഗത്തിൽ ദീപിക പദുകോൺ ഭാഗമാകില്ല എന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം ആരാധകരോടായി പങ്കുവെക്കുന്നത്. ആദ്യ ഭാഗത്തിലെ നേട യാത്രയ്ക്ക് ശേഷം പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൽക്കി പോലൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്മെന്റ് അർഹിക്കുന്നുണ്ട്. ദീപിക പദുകോണിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു', എന്ന് വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറാൻ കാരണം എന്തെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിർമ്മാതാക്കളുടെ ഈ അറിയിപ്പ് ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പോസ്റ്റുമായി ബന്ധപ്പെട്ട് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം നടത്തിയിട്ടുണ്ട്.
നേരത്തെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയതായി വാർത്തകൾ വന്നിരുന്നു. സെറ്റിലെ ജോലി സമയം സംബന്ധിച്ചും പ്രതിഫലം സംബന്ധിക്കബുമുള്ള ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാം കഴിയാതെ വന്നതിനാലാണ് സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിൽ നിന്ന് നടിയെ ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.