ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു എന്ന പേരിൽ മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് താരത്തിന്‍റെ ഒഫിഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞതായാണ് മനോരമ ന്യൂസ്, റിപ്പോർട്ടർ എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ അടുത്ത് പുറത്തിറങ്ങിയ സർസമീൻ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം നല്‍കിയിട്ടുള്ള പുതിയ അഭിമുഖങ്ങളില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വാർത്തയുടെ സ്ക്രീൻഷോട്ടുകൾ അടക്കം പങ്കിട്ടുകൊണ്ട് പൊഫാക്ഷ്യോ എക്സിൽ പോസ്റ്റ് പങ്കുവച്ചു.
പൊഫാക്ഷ്യോ പങ്കുവച്ച പോസ്റ്റ്:
L3 എന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു എന്ന് അവകാശപ്പെടുന്ന തരത്തിലുള്ള വാർത്തകൾ പ്രമുഖ ചാനലുകൾ പ്രചരിപ്പിച്ചതിൽ ഞങ്ങൾ നിരാശരാണ്. ഈ വർത്തകളെല്ലാം പൂർണ്ണമായും അസത്യമാണ്. കൃത്യമായ വിവരങ്ങൾക്ക് വേണ്ടി സർസമീൻ എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ പ്രമോഷൻ ഇന്റർവ്യുകളുടെ ഔദ്യോഗിക വീഡിയോകൾ പരിശോധിക്കാൻ ഞങ്ങൾ എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. വിദ്വേഷ പ്രചരണത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ ഐഡിയില്‍ നിന്ന് ആരംഭിച്ചതാണ് അദ്ദേഹത്തിന്‍റെ പേരില്‍ എല്‍ 3 നെക്കുറിച്ചുള്ള ഈ വ്യാജ പ്രചരണം. റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും പൊതുജനങ്ങൾക്കും പൃഥ്വിരാജിന്റെ അഭ്യുദയകാംക്ഷികൾക്കും സത്യം വ്യക്തമാക്കുന്നതിന് തിരുത്തിയ വാർത്തകൾ പുനഃപ്രസിദ്ധീകരിക്കാനും ഞങ്ങൾ എല്ലാ ചാനലുകളോടും അഭ്യർത്ഥിക്കുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രൊഫഷണൽ സമീപനം ഞങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.
അതേസമയം ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു ചിത്രമാണ് താൻ സംവിധാനം ചെയ്യാൻ പോകുന്നത് എന്ന് പൃഥ്വിരാജ് L3 യെക്കുറിച്ചുള്ള അഭിമുഖത്തിലെ ചോദ്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3 യിൽ ഉണ്ടായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കുന്നതിന് വേണ്ടി AI ഉപയോഗിക്കാൻ തനിക്ക് താൽപര്യമില്ലെന്നും പ്രവണവും മോഹൻലാലും തമ്മിലുള്ള രൂപസാദൃശ്യം തനിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാനിലെ പ്രണവിന്റെ ലുക്കിന് വേണ്ടി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ ചിത്രങ്ങളായിരുന്നു റഫറൻസ് എന്നും നയൻദീപ് രക്ഷിത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു