'ബ്രോ ഡാഡി' എന്ന ചിത്രവുമായി താൻ ആദ്യം സമീപിച്ചത് നടൻ മമ്മൂട്ടിയെയായിരുന്നുവെന്ന് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. ചിത്രത്തിൽ ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. എന്നാൽ ആ കഥാപാത്രമായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും പൃഥ്വിരാജ് പറയുന്നു. ഇന്ന് കാണുന്ന ബ്രോ ഡാഡി പോലെയായിരുന്നില്ല മമ്മൂക്കയുമായി താൻ ആലോചിച്ച ചിത്രമെന്നും ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ അത് ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് പറഞ്ഞത്:
ബ്രോ ഡാഡി ഞാൻ ആദ്യം പിച്ച് ചെയ്തത് മമ്മൂക്കയോട് ആയിരുന്നു. ജോൺ കാറ്റാടി എന്ന കഥാപാത്രം മമ്മൂക്കായായിരുന്നു ചെയ്യേണ്ടിയിരുന്നത്. നിങ്ങൾഇപ്പോൾ കാണുന്ന ജോൺ കാറ്റാടിയായിരുന്നില്ല അത്. ആ സിനിമയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഐഡിയ കോട്ടയം കുഞ്ഞച്ചന്റെ തരത്തിലുള്ളതായിരുന്നു. സ്നേഹനിർഭരനായ ഒരു ഭർത്താവായി, തീവ്രമായി പ്രണയത്തിൽ പെട്ടുപോയ ഒരാളായി അങ്ങനെ മമ്മൂക്കയെ കാണാൻ വളരെ ക്യൂട്ട് ആയിരിക്കും എന്നെനിക്ക് തോന്നി. ആരും അത്തരത്തിൽ ഒരു ഇമേജിൽ അദ്ദേഹവുമായി ഇതുവരെ ആരും അസോസിയേറ്റ് ചെയ്തിട്ടില്ല. അങ്ങനെയാണ് ഈ സിനിമ ഞാൻ മമ്മൂക്കയിലേക്ക് കൊണ്ടു പോകുന്നത്. അദ്ദേഹത്തിന് സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ആ സമയം നിർഭാഗ്യവശാൽ അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന സാഹചര്യം ആയിരുന്നില്ല. അദ്ദേഹം മറ്റൊരു സിനിമയുടെ കമ്മിറ്റ്മെന്റിൽ ആയിരുന്നു. കാത്തിരിക്കുന്നതിന് എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ ബ്രോ ഡാഡി കോവിഡ് സമയത്ത് തന്നെ സംവിധാനം ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. കാരണം കോവിഡ് മാറി സിനിമാ മാർക്കറ്റ് വീണ്ടും സജീവമായാൽ അന്ന് മമ്മൂക്കയ്ക്കൊപ്പം ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് ഇങ്ങനെയൊരു ചെറിയ സിനിമയല്ല. അന്ന് എനിക്ക് ചെയ്യേണ്ടത് ഒരു ബിഗ് ടിക്കറ്റ് സിനിമയാണ്. ബ്രോ ഡാഡിയുമായി ഞാൻ ആദ്യം സമീപിച്ചത് മമ്മൂക്കയെയാണ് എന്ന് മോഹൻലാൽ സാറിനും അറിയാം.
മോഹൻലാലിനെയും പൃഥ്വിരാജിനെയും കൂടാതെ ലാലു അലക്‌സ്, ജഗതീഷ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.