Film News

‘ഇവര്‍ക്ക് ഫാന്‍സ് ക്ലബ്ബിന്റെ ആവശ്യമില്ല’; ഫഹദും സുരാജും ഹരം കൊള്ളിച്ചെന്ന് പ്രതാപ് പോത്തന്‍ 

THE CUE

ട്രാന്‍സിലെ ഫഹദ് ഫാസിലിന്റെയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെയും പ്രകടനം ഹരം കൊള്ളിച്ചെന്ന് നടന്‍ പ്രതാപ് പോത്തന്‍. കഥാപാത്രമായുള്ള ഫഹദിന്റെ പ്രത്യേക ചേഷ്ടകളും സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കലും വിസ്മയിപ്പിക്കുന്നതാണ്. വേഷത്തെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് അവതരിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂടും പ്രകടനം അവിസ്മരണീയമാക്കി. ഈ നടന്‍മാര്‍ക്ക് ഫാന്‍സ് ക്ലബ്ബുകളുടെ ആവശ്യമില്ല. കാരണം അവര്‍ തങ്ങളുടെ ജോലിയെ ആരാധിക്കുന്നവരാണെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതാപ് പോത്തന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ഞാന്‍ രണ്ട് മലയാള ചിത്രങ്ങള്‍ തുടരെത്തുടരെ കണ്ടു. ആദ്യത്തേത് ട്രാന്‍സ്. പേരുപോലെത്തന്നെ ട്രാന്‍സ് എനിക്ക് മോഹാലസ്യപ്പെടുത്തുന്ന അനുഭവമായിരുന്നു. അന്‍വര്‍ റഷീദ് മികച്ച രീതിയില്‍ ഒരുക്കി സിനിമ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും അത്രമേല്‍ മികവുറ്റതാണ്. എന്നാല്‍ ഏറ്റവും ഹരംകൊള്ളിച്ചത് ഫഹദ് ഫാസിലിന്റെ ഹൈ വോള്‍ട്ടേജ് പ്രകടനമാണ്.ഫഹദ് അയത്‌നലളിതമായി വേഷം ഉള്‍ക്കൊണ്ട് പൂര്‍ണമായും കഥാപാത്രമായി മാറി. ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. കൂടാതെ കോട്ടിന്റെ കൈ വലിച്ച് ശരിയാക്കുന്നതുപോലുള്ള ചെറു ചേഷ്ടകള്‍ പോലും ഫഹദിനെ, ഒരു കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന നടനാക്കുന്നു. അദ്ദേഹത്തിന്റെ തലമുറയിലെ എറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഫഹദ്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റേതടക്കം ഓരോ വേഷങ്ങളും വ്യത്യസ്തമാണ്. അതിലെ നടത്തമടക്കം കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ശ്രദ്ധേയമായാണ് അവതരിപ്പിക്കുന്നത്. ഫഹദ് നടക്കുന്നതാകട്ടെ, ഒരു കസേര വലിക്കുന്നതാകട്ടെ ,അതിലൂടെയെല്ലാം അയാളുടെ നടനെന്ന രീതിയിലുള്ള കഠിനാധ്വാനവും പൈതൃകമായി കിട്ടിയ കഴിവും കാണാം.

എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാനാകും. ഇതുവരെ കണ്ടതൊന്നുമല്ല, അദ്ദേഹത്തില്‍ നിന്ന് ഇതിലേറെ മികച്ച പ്രകടനങ്ങള്‍ ണ്ടാകാനിരിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ പേര് നമ്മുടെ കാലത്തെ വലിയ നടന്‍മാരുടെ പേരുകള്‍ക്കൊപ്പം ചേര്‍ക്കപ്പെടുമെന്ന് ഞാന്‍ പ്രവചിക്കുകയാണ്. അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കണ്ട മറ്റൊരു ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.5 ആണ്.ഒരു റോബോട്ടിനെയും വൃദ്ധനെയുംവെച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്നും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാനാകുമെന്നും തെളിയിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. തീര്‍ത്തും വ്യത്യസ്തമായ പ്രമേയം സിനിമയാക്കിയതിന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെയും തിരിക്കഥാകൃത്തിനെയും ഞാന്‍ അഭിനന്ദിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ അത്യുഗ്രന്‍ പ്രകടനത്തെ നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ടതുണ്ട്. അവിസ്മരണീയമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. എന്തൊരു അഭിനേതാവാണ് അദ്ദേഹം. ഇവിടെ ഇവര്‍ കഥാപാത്രങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. ഈ നടന്‍മാര്‍ക്ക് ഫാന്‍സ് ക്ലബ്ബിന്റെ ആവശ്യമില്ല. കാരണം അവര്‍ അവരുടെ ജോലിയെയാണ് ആരാധിക്കുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT