മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ സൂചന പണിമുടക്ക് പ്രഖ്യാപിക്കും എന്ന ഫിലിം ചേമ്പറിന്റെ തീരുമാനത്തിൽ മുഖം തിരിച്ച് താരസംഘടനയായ അമ്മ. മലയാള സിനിമാ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഫിലിം ചേമ്പർ വീണ്ടും ഉറപ്പിച്ചു പറഞ്ഞത്. സൂചന പണിമുടക്ക് നടത്തുമെന്നും മലയാള സിനിമ സ്തംഭിക്കുമെന്നും മറ്റ് സംഘടനകള്‍ ഇല്ലെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നും ചേമ്പർ ഭാരവാഹികൾ പ്രസ്സ് മീറ്റിൽ അറിയിച്ചിരുന്നു. താരങ്ങൾ പ്രതിഫലം ഉയർത്തുന്നതും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അവഗണനയും ഒടിടി സാറ്റ്ലൈറ്റ് അടക്കമുള്ള ബിസിനസ്സുകളിൽ സംഭവിച്ച ഇടിവും നിർമാതാക്കളെ വല്ലാതെ ഉലച്ചിരിക്കുകയാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയ്ക്കും ഇടയിൽ ഒരു തുറന്ന യുദ്ധവും സമരാന്തരീക്ഷവുമാണ് നിലനിൽക്കുന്നത്.
സമരത്തിനെ അനൂകൂലിക്കുകയില്ലെന്നും അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ അമ്മ ജനറല്‍ ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാൻ സാധിക്കൂ എന്നുമാണ് കഴിഞ്ഞ ദിവസം നടന്ന താരസംഘടയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനം. എന്നാൽ താരങ്ങള്‍ സിനിമയുടെ അഭിവാജ്യഘടകമല്ലെന്നും മുൻനിര താരങ്ങളില്ലെങ്കിൽ പകരം താരങ്ങളെ വച്ച് സിനിമ എടുക്കാൻ അറിയാമെന്നുമുള്ള രൂക്ഷ ഭാഷയിലാണ് ഫിലിം ചേമ്പറിന്റെ പ്രസ്സ് മീറ്റിൽ ഭാരവാഹികൾ പ്രതികരിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശി മൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് അമ്മയുടെ യോഗം വിലയിരുത്തി. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനകളുമായും താരസംഘടന ചര്‍ച്ചക്ക് തയ്യാറാണെന്നും ഒപ്പം സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി അംഗമായ ജയന്‍ ചേര്‍ത്തലക്ക് എല്ലാവിധ നിയമസഹായവും നൽകും എന്നും അമ്മ യോഗത്തിൽ തീരുമാനിച്ചു. യോഗത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായ്കുമാര്‍, മഞ്ജു പിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി അന്‍പതോളം അംഗങ്ങള്‍ പങ്കെടുത്തുവെന്നും അമ്മ അറിയിച്ചു.
അതേ സമയം സംഘടനയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഫേസ് ബുക്ക് പോസ്റ്റിലൂടെയുള്ള നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം മോശമായിപ്പോയി എന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ചേംബര്‍ യോഗം അഭിപ്രായപ്പെട്ടു. ആന്റണി പെരുമ്പാവൂര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ഒരാഴ്ചയ്ക്കകം കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കണമെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ ധാരണയായി. മറ്റ് സംഘടനകള്‍ ഇല്ലെങ്കിലും ചേംബര്‍ സമരം നടത്തും. നാലുദിവസത്തിനകം തീയതി അറിയിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം നടന്മാര്‍ക്കെതിരെയല്ല, സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും പല തിയറ്ററുകളും പോപ്‌കോണ്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹി ജി സുരേഷ് കുമാര്‍ പറഞ്ഞു. ഒപ്പം ആന്റണി പെരുമ്പാവൂർ പോസ്റ്റിട്ടത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹവുമായി ഒറു സന്ധി സംഭാഷണത്തിനില്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതാണ് പല താരങ്ങളെയും ചൊടിപ്പിച്ചത് എന്നും വരും മാസങ്ങളിലും സിനിമകളുടെ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
സിനിമാ വ്യവസായത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും, സിനിമയെ ഇല്ലാതാക്കിക്കൊണ്ടുള്ള സമരത്തിന് പിന്തുണയില്ലെന്നും കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദനും വ്യക്തമാക്കിയിരുന്നു. അഭിനേതാക്കൾ സിനിമകൾ നിർമ്മിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും സിനിമ നിർമിക്കുന്നത് തന്റെ അവകാശമാണെന്നും ആരും അത് ചോദ്യം ചെയ്യാതെയിരിക്കുക എന്നതാണ് അടിസ്ഥാന മര്യാദ എന്നും ഉണ്ണി മുകുന്ദൻ ഗെറ്റ് സെറ്റ് ബേബിയുടെ പ്രസ്സ് മീറ്റിൽ പറഞ്ഞു. ഒപ്പം വനിതാ താരങ്ങൾക്ക് കുറയ്ക്കാൻ മാത്രമുള്ള പ്രതിഫലം ഒന്നും സിനിമയിൽ നിന്ന് ലഭിക്കുന്നില്ലെന്ന് നടി നിഖില വിമലും പ്രതികരിച്ചു.