ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ച താരമാണ് നൂറിൻ ഷെരീഫ്. ശേഷം ഒമർ ലുലുവിന്റെ ഒരു അഡാർ ലവ്വിലൂടെ പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റി. പക്ഷെ, പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളൊന്നും നൂറിനെ തേടിയെത്തിയില്ല. പക്ഷെ, മലയാളത്തിലെ ആദ്യത്തെ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം ഭാഗത്തിൽ ഒരു മികച്ച കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നൂറിൻ. സിനിമയിൽ എത്തിപ്പെടുക എളുപ്പമായിരുന്നുവെന്നും അവിടെ പിടിച്ച് നിൽക്കുന്നതാണ് ബുദ്ധിമുട്ടുള്ള കാര്യമെന്നും പറയുകയാണ് നൂറിൻ ഷെരീഫ്. സിനിമയിലേക്ക് വരുന്നതിൽ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നതായും നൂറിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
നൂറിന്‍ ഷെരീഫിന്‍റെ വാക്കുകള്‍
എന്നെ സംബന്ധിച്ചെടുത്തോളം, ഞാനൊരു നോർമൽ മിഡിൽ ക്ലാസ് മുസ്ലിം ഫാമിലിയിൽ നിന്നും വരുന്ന ഒരാളാണ്. എനിക്ക് ഒരു അനിയത്തിയാണ് ഉള്ളത്. തയ്യലൊക്കെയുള്ള ഉമ്മ, മക്കൾ പഠിക്കുന്നു, ആ രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. ഞാൻ സിനിമകൾ കൂടുതലും കണ്ടിട്ടുള്ളത് ടിവിയിലൂടെയാണ്. ഒതു പുതിയ സിനിമ, അല്ലെങ്കിൽ ഹിറ്റായ ഒരു സിനിമ വന്നാൽ, ഫാമിലി ആയി പോയി കാണുന്ന ഒരു ട്രഡീഷൻ ഞങ്ങളുടെ കുടുംബത്തിൽ ഇല്ല. അതുകൊണ്ട് തന്നെ കുട്ടിക്കാലത്ത് സിനിമയുമായി എനിക്കുണ്ടായിരുന്ന എല്ലാ ബന്ധവും ടിവിയുമായാണ്. അതുകൊണ്ടുതന്നെ, സിനിമയിലേക്ക് വരുന്നതിൽ വലിയ എതിർപ്പുകളുണ്ടായിരുന്നു.
സിനിമയിലേക്ക് വരാൻ ഡാൻസ് എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. സ്കൂളുകളിലെല്ലാം കൾച്ചറൽസിൽ പങ്കെടുത്ത്, ഡാൻസിലൂടെ മുന്നോട്ട് വന്നു. അതിന് ശേഷമാണ് മോഡലിങ്ങിലേക്ക് വരുന്നത്. മോഡലിങ്ങും ഒരിക്കലും പ്രതീക്ഷിക്കാതെ വന്നുപെട്ട സ്ഥലമായിരുന്നു. എനിക്ക് തോനുന്നു, എന്റെ ആദ്യ സിനിമ സംഭവിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണ്. സിനിമയിലേക്ക് എത്തിപ്പെട്ടത് എളുപ്പത്തിലായിരുന്നു എന്ന് മനസിലായത് അതിന് ശേഷമുള്ള യാത്ര മനസിലാക്കിയപ്പോഴാണ്. വരാൻ എളുപ്പമാണ്, പക്ഷെ നിലനിൽക്കാനാണ് പാട്.
കേരള ക്രൈം ഫയൽസ് 2വിലെ കഥാപാത്രം ഒരാപാട് നാളത്തെ ആഗ്രഹത്തിന് ശേഷം കിട്ടിയ അവസരമാണ്. ആദ്യത്തെ സിനിമയ്ക്ക് ശേഷം മൂന്നോ നാലോ വർഷമായി സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും, പ്രതീക്ഷിച്ച രീതിയിൽ ഒരു റിസൽട്ട് ഒന്നിൽ നിന്നും ലഭിച്ചിരുന്നില്ല. അന്ന് മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒരു മികച്ച ടീമിനൊപ്പം, നല്ല വർക്കിന്റെ ഭാഗമാകണം എന്ന്. വലിയൊരു ടീമാണ്. ബാഹുൽ രമേഷാണ് തിരക്കഥ. അഹമദ് കബീറാണ് സംവിധാനം. ഇതൊക്കെ നമ്മളെ ഈ പ്രൊജക്ടിലേക്ക് അടുപ്പിക്കാൻ കാരണമായി. ചെറിയൊരു വേഷമാണെങ്കിലും അതിൽ ഞാൻ ഹാപ്പിയാണ്. നൂറിൻ ഷെരീഫ് പറഞ്ഞു.