Film News

'സ്ത്രീപക്ഷ നവകേരളം' ക്യാംപെയിന്‍ അംബാസഡറായി നിമിഷ സജയന്‍

സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപെയിന്‍ അംബാസഡറായി നടി നിമിഷ സജയന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് ക്യാംപെയിന്‍ പരിപാടിയുടെ പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാംപെയിനിന്റെ ഒന്നാം ഘട്ട പരിപാടികള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് 'സ്ത്രീപക്ഷ നവകേരളം' ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ അമ്പാസഡറായ നിമിഷ സജയനും പങ്കെടുക്കും.

എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപെയിന്‍ അംബാസഡറാകുന്നത് മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയനാണ്. കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റുകയും നാടിനോട് പ്രതിബദ്ധതയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയുമാണ് ഇതിലൂടെ നിമിഷ സജയന്‍.

പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ചേരാത്തതും നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ജ്ജവത്തോടെയുള്ള ഇടപെടലിന് നിമിഷയെ പോലെയുള്ള പ്രതിഭാധനയും പ്രതിബദ്ധതയുമുള്ള കലാകാരിയുടെ സാന്നിദ്ധ്യം കരുത്ത് പകരും. ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, നവസമൂഹ സൃഷ്ടിയിലേക്കുള്ള ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്പ്പായി 'സ്ത്രീപക്ഷ നവകേരളം' പരിപാടി മാറുമെന്ന് ഉറപ്പാണ്.

സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാന്‍ സമൂഹമൊന്നാകെ ഉയര്‍ന്നുചിന്തിക്കണമെന്നും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും ഈ പ്രശ്നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നുമുള്ള നിമിഷയുടെ വാക്കുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT