Film News

'നയൻ, അഭിനയം ഉള്ളിൽ നിന്നും വരണം' എന്ന് മോഹൻലാൽ സാർ പറഞ്ഞു, എനിക്ക് അതു കേട്ട് ദേഷ്യം വന്നു; നയൻതാര

അഭിനയജീവിതത്തിന്റെ ആദ്യ കാലത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നടി നയൻതാര. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ തന്റെ അഭിനയം ശരിയാവാതെ വന്നപ്പോൾ സംവിധായകൻ ഫാസിലിന് ക്ഷമ നശിച്ചെന്നും തുടർന്ന് മോഹൻലാലിന്റെ തുടർച്ചയായ ഉപദേശം കേട്ട് താൻ അസ്വസ്ഥയായി എന്നും നയൻതാര പറയുന്നു. തുടക്കകാലത്ത് ഒന്നിനെക്കുറിച്ചും തനിക്ക് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും ഫാസിൽ സാറിന്റെ വിഷമം കണ്ടിട്ടാണ് എത്ര കഷ്ടപ്പെട്ടും അടുത്ത തവണ അഭിനയം ശരിയാക്കണമെന്ന് താൻ തീരുമാനിച്ചതെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞു.

നയൻതാര പറഞ്ഞത്:

ഒരു ദിവസം ഞാൻ കാരണം ഫാസിൽ സാർ വളരെ അസ്വസ്ഥനായി. എനിക്ക് ഇത് പറ്റുന്നില്ലെന്നും നിനക്ക് ഞാൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞു. കഥാപാത്രത്തിന്റെ പരിണാമം നിന്നിൽ നിന്നു തന്നെയാണുണ്ടാവുന്നത് അത് എങ്ങനെയാണയാണ് സംഭവിക്കുക എന്ന് നിനക്ക് മനസ്സിലാവുന്നില്ലെന്ന് സാർ പറഞ്ഞു. ആ സയമത്ത് ഞാൻ ഡയ​ലോ​ഗ് പറയുമ്പോൾ മലയാളത്തിലായിരുന്നില്ല ചിന്തിക്കുന്നത്. അതെനിക്ക് വലിയ ബു​ദ്ധിമുട്ടായിരുന്നു. നമ്മൾ സാധാരണ സംസാരിക്കുന്ന മലയാള ഭാഷ പോലെയായിരുന്നില്ല, ആ സിനിമയിലെ ഭാഷ. പക്ഷേ മോഹൻലാൽ സാർ എന്നോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരങ്ങളെ പ്രകടിപ്പിക്കൂ എന്ന്. നിങ്ങളുടെ ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അത് നിരന്തരമായി ആവർത്തിച്ചുകൊണ്ടിരുന്നത് എന്നെ വളരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. സാർ, എന്താണ് ഞാൻ ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്ത് ഡയലോഗാണ് ഞാന്‍ പറയുന്നതെന്ന് പോലും എനിക്കറിയില്ല, എന്നോട് ഇവിടെ വന്നു നിൽക്ക്, ഈ ലൈറ്റിലേക്ക് നോക്ക്, നിഴല് വരാതെ നോക്കണം, ഒപ്പം നിനക്ക് തന്ന ഡയലോ​ഗ് മുഴുവൻ പറയണം എന്നൊക്കെ പറഞ്ഞാൽ ഇതെല്ലാം കൂടി ഞാൻ എങ്ങനെ ഓർത്തു വയ്ക്കും? നിങ്ങളെല്ലാവരും എനിക്ക് ഒരുപാട് നിർദേശങ്ങൾ തരുന്നു. ഇതൊന്നും എനിക്ക് അറിയില്ല സാർ. എന്റെയുള്ളിൽ നിന്ന് പ്രകടിപ്പിക്കാനാണ് നിങ്ങൾ പറയുന്നത്, ഞാൻ എന്തു പ്രകടിപ്പിക്കാനാണ് പ്രകടിപ്പിക്കാൻ വേണ്ടി എന്റെയുള്ളിൽ ഒന്നുമില്ല. ഭയം മാത്രമാണ് ഉള്ളിലുള്ളത്. അത് കേട്ട് അദ്ദേഹം പെട്ടെന്നു ചിരിച്ചു, എന്നിട്ട് എന്നോട് പറഞ്ഞു, ഒരു ബ്രേക്ക് എടുക്കൂ എന്ന്. ഫാസിൽ സാർ വളരെ അസ്വസ്ഥനായി സെറ്റിലെ ഒരു കോണിലേക്ക് ഒറ്റയ്ക്ക് പോയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചു വന്ന് എന്നോട് പറഞ്ഞു. നോക്ക്, എനിക്ക് നിന്നിൽ വിശ്വാസമുണ്ട്. വീണ്ടും നിന്നെ ഞാൻ വിശ്വസിക്കാൻ തന്നെ പോവുകയാണ്. എനിക്ക് നല്ലൊരു പെര്‍ഫോമന്‍സ് വേണം, എനിക്ക് തോൽക്കാൻ പറ്റില്ല. ഈ സിനിമ എനിക്ക് മുന്നോട്ട് കൊണ്ടു പോകണം. ഇന്ന് നമുക്ക് അവധിയെടുക്കാം. നാളെ നീ തിരിച്ചുവന്ന് നിനക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യണം. അതിന് ശേഷം നമുക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യമോർത്ത് എനിക്ക് അപ്പോൾ വളരെ വിഷമം തോന്നി. അടുത്ത ദിവസം നല്ല രീതിയിൽ തന്നെ അഭിനയിക്കണം എന്നു ഞാൻ തീരുമാനിച്ചു. എനിക്കൊന്നും അറിയില്ല പക്ഷേ, എത്ര കഷ്ടപ്പെട്ടും അത് ചെയ്യണമെന്ന് എനിക്ക് തോന്നി. എന്നെക്കൊണ്ട് കഴിയും വിധം അഭിനയിച്ച് അദ്ദേഹത്തെ സന്തോഷവാനാക്കണം എന്നു ഞാൻ തീരുമാനിച്ചു. ഞാൻ നന്നായി ചെയ്തോ ഇല്ലയോ എന്നെനിക്ക് അറിയില്ല, പക്ഷേ പിറ്റേ ദിവസത്തെ എന്റെ അഭിനയത്തിൽ അദ്ദേഹം സന്തോഷവാനായിരുന്നു. അദ്ദേ​ഹം അടുത്തു വന്ന് എന്നെ കെട്ടിപ്പിടിച്ചു നിന്നിൽ എനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞു. നീ നിന്റെ ജീവിതത്തിൽ വളരെ ഉയരത്തിൽ എത്തുമെന്നും അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിന് ശേഷം എന്റെ എല്ലാ സെറ്റിലും എന്റെ എല്ലാ സംവിധായകരും നിർമാതാക്കളും എന്റെ വർക്കിൽ സംതൃപ്തരാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT