Film News

'ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്'; അവരെ ഏതെങ്കിലും കള്ളിയിലാക്കി മറ്റേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ

ഗായിക കെ.എസ്.ചിത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ​ഗായിക കെ എസ് ചിത്രയും നടി ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്താണ് എന്നും ഇരുവരും എടുത്ത നിലപാടിന്റെ അടിസ്ഥാനത്തിൽ അവരെ ഏതെങ്കിലും ഭാ​ഗത്തോട് ചേർത്ത് സംസാരിക്കുന്നതിനോട് യോജിപ്പില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മുൻപ് നടിയും നർത്തകിയുമായ ശോഭന ബിജെപി പരിപാടിയിൽ പങ്കെടുത്തപ്പോൾ സ്വീകരിച്ച അതേ നിലപാടാണ് ചിത്രയുടെ കാര്യത്തിലും പാർട്ടിക്കുള്ളതെന്നും ഇവരെല്ലാം ഈ നാടിന്റെ പൊതു സ്വത്താണെന്നും നമ്മളെല്ലാം ഇപ്പോഴും ചർച്ച ചെയ്യുന്ന എംടി അടക്കമുള്ളവരെ രാജ്യത്തിന്റെ പ്രമുഖ പ്രതിഭകളായിട്ടും പൊതുസ്വത്തായിട്ടുമാണ് കാണേണ്ടതെന്നും വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി.

എംവി ​ഗോവിന്ദൻ പറഞ്ഞത്:

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ​ഗായികയാണ് കെ എസ് ചിത്ര. ലോകം ശ്രദ്ധിക്കുന്ന ​ഗാനങ്ങൾ രാജ്യത്തിന് നൽകിയിട്ടുള്ള ഒരു പ്രതിഭയാണ് അവർ. അവർ എടുത്ത നിലപാടുമായി സംബന്ധിച്ച് വലിയ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പക്ഷേ അതിന്റെ പേരിൽ ചിത്രയ്ക്കെതിരായിട്ടുള്ള നീക്കത്തിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് യോജിപ്പില്ല. മുമ്പ് ബിജെപിയുടെ ഒരു പരിപാടിയുടെ ഭാ​ഗമായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നർത്തകിയും അഭിനേത്രിയുമായ ശോഭനയ്ക്ക് എതിരെയും സമാന തരത്തിൽ ആക്രമണം വന്നപ്പോൾ അന്നും ഞാൻ ഉറപ്പിച്ച് പറഞ്ഞതാണ് ഇവരെല്ലാം ഈ നാടിന്റെ പൊതുസ്വത്താണ്. അതുകൊണ്ട് തന്നെ അവരെ ഏതെങ്കിലും ഒരു കള്ളിയിലാക്കി മാറ്റേണ്ടതിന്റെ ആവശ്യമില്ല. അവരുടെ നിലപാടുകളുമായി ബന്ധപ്പെട്ട് വിമർശനാത്മകമായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മോഹൻലാലും മമ്മൂട്ടിയും സിനിമ രം​ഗത്തെ അതികായരല്ലേ? രണ്ട് പേരും നമ്മുടെ രാജ്യത്തിന്റെ സ്വത്തല്ലേ? സാഹിത്യ രം​ഗം എടുത്ത് പരിശോധിച്ചാൽ ടി പത്മനാഭൻ നമ്മളെല്ലാം ഇപ്പോഴും ചർച്ച ചെയ്യുന്ന പ്രമുഖരായ എംടി, എം മുകുന്ദൻ ഇവരെയൊക്കെ ഏതെങ്കിലും പ്രശ്നത്തിന്റെയോ ഏതെങ്കിലും ഒരു പദപ്രയോ​ഗത്തിന്റെയോ അടിസ്ഥാനത്തിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നമ്മുടെ നാടിന്റെ പൊതു സ്വത്താണെന്ന് എന്ന രീതിയിൽ തന്നെ നമ്മൾ കാണണം. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും പാർട്ടിയുടെ നിലപാട് അതു തന്നെയാണ്. എന്തെങ്കിലും കാര്യങ്ങളിൽ വിമർശനാത്മകമായി ഉണ്ടെങ്കിൽ അതിൽ വിമർശനം നടത്തുന്നതിൽ ഞങ്ങൾ എതിരല്ല. എന്നാൽ പൊതുവായി ഇവരെയെല്ലാം രാജ്യത്തിന്റെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടത്, വിലയിരുത്തേണ്ടത്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നാണ് കുറച്ചു ദിവസം മുമ്പ് വീഡിയോയിലൂടെ കെ എസ് ചിത്ര പറഞ്ഞത്. തുടർന്ന് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മനപൂർവ്വം മറക്കുന്നു എന്നും വി​ഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ് എന്നുമായിരുന്നു ഇതിനെതിരെ ​ഗായകനും ​ഗാനരചയിതാവുമായ സൂരജ് സന്തോഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. ചിത്രയെ ഇത്തരത്തിൽ വിമർശിക്കുന്നതിനെതിരെ ​ഗായകൻ ജി വേണു​ഗോപാലും രം​ഗത്ത് എത്തിയിരുന്നു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT