Film News

എന്റെ അമ്മ കിടപ്പിലാണ്, 3D കണ്ണാടി വെച്ച് അമ്മയെ ബറോസ് കാണിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ: മോഹൻലാൽ

അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സിനിമ 2D യിൽ ആക്കിയിട്ടാണെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സംവിധാന ചിത്രമായ ബറോസിന്റെ കാര്യത്തിൽ അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹൻലാൽ.

മോഹൻലാൽ പറഞ്ഞത്:

ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെയിരിക്കുകയാണ്. ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷേ അമ്മയ്ക്ക് അറിയാം, ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട് എന്നത്. ഞാൻ ഇന്ന് അമ്മയെ ബറോസിലെ പാട്ട് ഒക്കെ കേൾപ്പിച്ചു. എനിക്കുള്ളൊരു സങ്കടം അമ്മയെ ഒരു തിയറ്ററിൽ കൊണ്ടു പോയി 3D കണ്ണാടി വച്ച് ബറോസ് കാണിക്കാൻ പറ്റില്ല എന്നതാണ്. അങ്ങനൊരു സങ്കടം കൂടി എനിക്കുണ്ട്. പക്ഷേ അമ്മയെ നമ്മൾ വേറൊരു തരത്തിൽ, അല്ലെങ്കിൽ സിനിമ 2D യിൽ ആക്കി കാണിക്കും. എന്റെ അമ്മയ്ക്ക് തിയറ്ററിലൊന്നും പോകാൻ പറ്റില്ല, എന്റെ മറ്റു സിനിമകളൊക്കെ അമ്മ ടിവിയിൽ കാണും. എന്റെ എല്ലാ സിനിമയും ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലോ മറ്റോ ഒക്കെ ആക്കി ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഈ സിനിമയും ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുക്കാം. പക്ഷേ 3D എന്ന തരത്തിൽ കാണിക്കാൻ പറ്റില്ല.

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് - ഗാർഡിയൻ ഓഫ് ട്രെഷേഴ്സ് ഡിസംബർ 25 നാണ് തിയറ്ററുകളിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംഭാഷണങ്ങൾ എഴുതുന്നത് കലവൂർ രവികുമാർ ആണ്. 3D യിൽ പുറത്തിറങ്ങുന്ന ചിത്രം ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലക്കാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാർസ് ഫിലിംസും ചേർന്നാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT