മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് മുഴുനീള കഥാപാത്രമായാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ചിത്രത്തിൽ അതിഥി വേഷമായിരിക്കും മോഹൻലാലിന്റേത് എന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ചിത്രത്തിൽ മുഴുനീള കഥാപാത്രമായിരിക്കുമെന്നും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ശക്തമായ കഥാപാത്രങ്ങളെ ആയിരിക്കും അവതരിപ്പിക്കുക എന്നും മഹേഷ് നാരായണൻ ദ ഹോളിവുഡ് റിപ്പോർട്ടർ അഭിമുഖത്തിൽ പറഞ്ഞു.
മഹേഷ് നാരാണയൻ പറഞ്ഞത്:
എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്യാൻ എനിക്ക് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമ കുറേ നാളായി എന്റെ മനസ്സിലുള്ള സിനിമയായിരുന്നു. തുടക്കത്തിൽ മമ്മൂട്ടി സാറിനെ മാത്രം വച്ച് തീരുമാനിച്ച ചിത്രമായിരുന്നു ഇത്. ഫഹദ് ഫാസിൽ പ്രൊഡ്യൂസറായി എനിക്കൊപ്പം ചേരാനായിരുന്നു പ്ലാൻ. പിന്നീട് ഡേറ്റിന്റെയും മറ്റും പ്രശ്നങ്ങൾ വന്നപ്പോൾ ഫഹദും മോഹൻലാൽ സാറും സിനിമയിലേക്ക് വരികയായിരുന്നു. ഞാൻ എഴുതിയ തിരക്കഥയിൽ എന്റേതായ ഫിലിം മേക്കിംഗ് ശൈലിയിൽ എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും അവതരിപ്പിക്കണമെന്നുണ്ട്. ഇതൊരു ഫാൻ ബോയ് നിമിഷം എന്നതിനപ്പുറത്തേക്ക് ഇതിനെ അതിശയകരമായ ഒരു കോളാബ്രേഷനായിട്ടാണ് ഞാൻ കാണുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടതു എല്ലാവരും ഈ സിനിമ ചെയ്യാൻ തയ്യാറായത്. ഇതെന്റെ മറ്റു സിനിമകളെപ്പോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയല്ല, സിനിമയുടെ പ്രമേയത്തെപ്പറ്റി ഇപ്പോൾ കൂടുതലായി ഒന്നും തന്നെ പറയാൻ സാധിക്കില്ല. ഫഹദും ചാക്കോച്ചനും വെറുതെയൊരു കാമിയോ അല്ല, ഒരുപാട് കാര്യങ്ങൾ പെർഫോം ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളാണ് അവർ. മോഹൻലാലും മുഴുനീളൻ കഥാപാത്രമാണ്. ഈ അഭിനേതാക്കളെയെല്ലാം മികച്ച രീതിയിൽ ഒരുമിച്ച് സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നാണ് എന്റെ വെല്ലുവിളി.
ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിലെ കൊളംബോയിൽ ആരംഭിച്ചു. ഒരു ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി, രൺജി പണിക്കർ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെൽവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മാനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.