തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ 'തുടരും' തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോട് കൂടെ മുന്നേറുകയാണ്. ചിത്രത്തിലെ മോഹൻലാലിൻറെ പെർഫോമൻസ് പ്രേക്ഷകരും, നിരൂപകരും എടുത്തു പറയുന്നു. ചിത്രീകരണവേളയിൽ തനിക്ക് മോഹൻലാലിൻറെ ഒരു പ്രത്യേക ഷോട്ടിലെ പെർഫോമൻസ് കണ്ട് കട്ട് വിളിക്കാൻ സാധിച്ചിരുന്നില്ല എന്ന് തരുൺ മൂർത്തി മുൻപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ ബാത്‌റൂമിൽ തെന്നി വീഴുന്ന സീൻ ആണ് അതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തരുൺ മൂർത്തി ഇപ്പോൾ. തകർന്ന് വീഴണം എന്ന് പറഞ്ഞിരുന്നെങ്കിലും അത് മാനസികമായ വീഴ്ചയാണ് ഉദ്ദേശിച്ചതെന്നും, മോഹൻലാൽ തെന്നി വീണപ്പോൾ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്നും തരുൺ മൂർത്തി ദ ക്യു എഡിറ്റർ മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പെട്ടന്ന് ഠക്ക് എന്നും പറഞ്ഞ് കാൽ വഴുതി വീണു ലാലേട്ടൻ. വീണത് മോഹൻലാൽ ആണ്. ലാലേട്ടന് എന്തെങ്കിലും പറ്റിക്കാണുമോ, അത്രയും വെള്ളമുണ്ട് ചുറ്റും, 65 വയസ്സായ മനുഷ്യനാണ്. അങ്ങനെയൊരു അഭിനേതാവിനെ ഞങ്ങൾ അശ്രദ്ധമായി ഉപയോഗിച്ച് എന്ന് വരുമോ എന്നെല്ലാമായിരുന്നു തന്റെ ഉള്ളിൽ എന്നും തരുൺ മൂർത്തി പറയുന്നു.തരുൺ മൂർത്തി
തരുൺ മൂർത്തി പറഞ്ഞത്;
ബാത്രൂം സീക്വൻസ് എടുക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞത് വളരെ സിമ്പിൾ ആയിരുന്നു. 'ലാലേട്ടാ മുഖം പൊത്തരുത്, മുഖം പൊത്താതെ കരയണം, എത്രത്തോളം റോ ആകാമോ അത്രത്തോളം ആയിക്കോളൂ, വായിൽ നിന്ന് ഉമിനീർ വന്നാലും കുഴപ്പമില്ല.അത് കഴിഞ്ഞ് പാടെ തകർന്ന് വീഴുന്നു.' അദ്ദേഹം ഓകെ പറഞ്ഞു. അവിടെ മറ്റു കാര്യങ്ങളുണ്ട്, കരയുന്ന ശബ്ദം പുറത്ത് കേൾക്കാതെ ഇരിക്കാൻ വേണ്ടി ടാപ്പ് തുറന്നിട്ടുണ്ട്. പുറത്ത് ഭാര്യ മകനെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നു. അത്രയേറെ വികാരങ്ങളുണ്ടവിടെ. എന്താണ് അദ്ദേഹം അവിടെ ചെയ്യാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല.
തകരുക എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത്, 'അമ്മ മകനെ കാണാൻ പോകണ്ടേ എന്ന് പറയുമ്പോൾ ഈ മനുഷ്യന്റെ ബുദ്ധിമുട്ടിൽ അവിടെ ഇരുന്ന് പോകുക എന്നതേ ഉണ്ടായിരുന്നുളളൂ. മുകളിൽ സ്ലൈഡറിൽ ഒരു ക്യാമറയുണ്ട്, ഛായാഗ്രാഹകൻ ഷാജി ചേട്ടൻ ക്ലോസുകൾ വച്ചിട്ടുണ്ട്, കൂടാതെ പ്രകാശ് വർമ്മ എന്റെയടുത്ത് വന്നിരുന്നു, കാരണം അദ്ദേഹത്തിനും ഇത് കാണണം. ബിനുവും എന്റെ അടുത്തുണ്ട്. ഞാൻ പൊതുവെ കഥാപാത്രത്തിന്റെ പേര് പറഞ്ഞാണ് ആക്ഷൻ വിളിക്കാറുള്ളത്, അതേ രീതിയിൽ ഞാൻ, "ബെൻസ്, ആക്ഷൻ" എന്ന് വിളിച്ചു. ലാലേട്ടൻ പെർഫോം ചെയ്യാൻ തുടങ്ങി. അദ്ദേഹം ഇടയ്ക്ക് മുഖം പൊത്തുന്നുണ്ട്, അവിടെ നിന്നും കൈ എടുക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ ആ ഭിത്തിയിൽ ചാരി നിൽക്കുന്നുണ്ട്. ശോഭന മാമിന്റെ സംഭാഷണം, മോനെ കാണാൻ പോയിരുന്നോ എന്നൊക്കെയുള്ളത് ഞാൻ ആണ് മൈക്കിൽ കൂടെ പറയുന്നത്. അത് കേട്ടതും അദ്ദേഹം വാ പൊത്തി, പെട്ടന്ന് ഠക്ക് എന്നും പറഞ്ഞ് കാൽ വഴുതി വീണു ലാലേട്ടൻ. മുൻപ് ക്യു സ്റ്റുഡിയോയുടെ അഭിമുഖത്തിൽ പറഞ്ഞ ഞാൻ കട്ട് വിളിക്കാതെയിരുന്ന സീൻ അതാണ്.
വഴുതി വീണപ്പോൾ എന്റെ ടെൻഷൻ, വീണത് മോഹൻലാൽ ആണ്. ലാലേട്ടന് എന്തെങ്കിലും പറ്റിക്കാണുമോ, അത്രയും വെള്ളമുണ്ട് ചുറ്റും, 65 വയസ്സായ മനുഷ്യനാണ്. അങ്ങനെയൊരു അഭിനേതാവിനെ ഞങ്ങൾ അശ്രദ്ധമായി ഉപയോഗിച്ചു എന്ന് വരുമോ എന്നെല്ലാമായിരുന്നു എന്റെ ഉള്ളിൽ. ഞാൻ കട്ട് വിളിക്കാനായി മൈക്ക് എടുത്തു, പക്ഷെ അദ്ദേഹം അഭിനയം നിർത്തുന്നില്ല, ഞാൻ ആകെ ആശങ്കയിലായി, അബദ്ധമാണോ, അഭിനയമാണോ എന്ന്. പ്രകാശ് വർമ്മ എന്നെ പിടിച്ച് പറഞ്ഞു, this is the gift he is giving you . ബിനുവും എന്റെ തോളിൽ പിടിച്ച്, കിട്ടി മോനേ, എന്ന് പറയുന്നുണ്ട്. നീണ്ട ആ ഷോട്ട് മുഴുവൻ കഴിഞ്ഞ് ഞാൻ കട്ട് വിളിച്ച്, അദ്ദേഹത്തിനടുത്തേക്ക് ഓടി ചെന്നു. സാർ ഓകെ അല്ലെ എന്ന് ചോദിച്ചു, ഞാൻ ഓകെ ആണ്, മോൻ ഓകെ അല്ലെ എന്നാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്!