ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 ഈ വർഷം ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും. നിർമാതാക്കളായ ആശിർവാദ് സിനിമാസ് ആണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജോർജ് കുട്ടിയിലേക്ക് വീണ്ടും ക്യാമറ തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആശിർവാദ് സിനിമാസ് മോഹൻലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് നിൽക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, കൊറിയൻ, ചൈനീസ് തുടങ്ങിയ ഭാഷകളിൽ ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ് അടുത്ത വർഷം ഒക്ടോബറിൽ റിലീസിനെത്തുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഒർജിനൽ വേർഷൻ എന്നു വരും എന്നാണ് ആരാധകർ ഒന്നടങ്കം അന്വേഷിച്ചത്. ഹിന്ദി പതിപ്പിന് മുന്നേ മലയാളം തന്നെ ആദ്യം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷകൾ.
അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളന്റെ’ തിരക്കിലാണ് ഇപ്പോൾ ജീത്തു ജോസഫ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് മുതൽക്കേ ദൃശ്യം 3- നെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം നിർമാതാക്കൾ പ്രഖ്യാപിച്ചത്. 2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം തിയറ്ററിലെത്തിയത്. പിന്നീട് 2021ലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ചിത്രം ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്. ആദ്യ ഭാഗം ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായത് പോലെ ദൃശ്യം 2നും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ മീന, ആശ ശരത്ത്, സിദ്ദിഖ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
അതേസമയം അജയ് ദേവ്ഗൺ നായകനാകുന്ന ദൃശ്യം 3 2026 ഒക്ടോബറിൽ 2 ന് ഗാന്ധി ജയന്തി ദിവസം റിലീസിനെത്തുമെന്നാണ് പനോരമ സ്റ്റുഡിയോസ് അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ മുമ്പ് അറിയിച്ചത്. പനോരമ സ്റ്റുഡിയോസിനൊപ്പം ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമാണം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. 2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.