Film News

രഞ്ജിത്ത് ഏകാധിപതി, അക്കാദമി വരിക്കാശേരി മനയല്ല, രഞ്ജിത്തിന്റെ രാജിക്കായി അക്കാദമി അംഗങ്ങള്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരസ്യപ്രതികരണവുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. സംവിധായകന്‍ ഡോ.ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ പരിഹാസവും മന്ത്രി സജി ചെറിയാനെതിരെ നടത്തിയ പരാമര്‍ശവും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് അക്കാദമി അംഗങ്ങളായ സംവിധായകന്‍ മനോജ് കാനയും, എന്‍ അരുണും പറഞ്ഞു. ചെയര്‍മാന്റെ നിലപാടുകളില്‍ വിയോജിപ്പറിയിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നതായും അംഗങ്ങള്‍ വെളിപ്പെടുത്തി.

ചെയര്‍മാന്‍ ചലച്ചിത്ര അക്കാദമിയുടെ ശോഭ കെടുത്തുന്ന നിലപാട് തുടരുകയാണെന്ന് അംഗങ്ങള്‍. ചെയര്‍മാന്‍ മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാംതമ്പുരാനായി നടക്കുന്നത് കൊണ്ടല്ല വളരെ ഭംഗിയായി ഐഎഫ്എഫ്‌കെ നടക്കുന്നതെന്ന് മനോജ് കാന. അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരം രഞ്ജിത് തുടരുകയാണ്. തെറ്റുകള്‍ സൗഹാര്‍ദപൂര്‍വം തിരുത്താന്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. അതിന് അദ്ദേഹം തയ്യാറായിട്ടില്ല. വരിക്കാശേരി മനയിലെ ലൊക്കേഷനല്ല ചലച്ചിത്ര അക്കാദമിയെന്ന് രഞ്ജിത്ത് മനസിലാക്കണമെന്നും മനോജ് കാന പറഞ്ഞു.

രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി. മന്ത്രി സജി ചെറിയാനും കത്ത് നല്‍കിയിട്ടുണ്ട്. അക്കാദമിയുടെ നിലപാടിന് വിരുദ്ധമായാണ് ചെയര്‍മാന്‍ നിലപാടുകളെന്ന് അംഗങ്ങള്‍. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കില്ലെന്ന് രഞ്ജിത്ത് വാര്‍ത്താ സമ്മേളനം നടത്തി ഇന്ന് വ്യക്തമാക്കിയിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജുവിനെ പരിഹസിച്ചതും ഇതേ അഭിമുഖത്തില്‍ തന്നെ നടന്‍ വിനായകന്‍, ഭീമന്‍ രഘു എന്നിവരെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതുമാണ് രഞ്ജിത്തിനെ വിവാദങ്ങളിലെത്തിച്ചത്.

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

SCROLL FOR NEXT