ജിതു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ച് നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്. 2024 ഹിറ്റ് ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും സംവിധായകരായ ജിതു മാധവനും ചിദംബരവും ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ ഹൗസായ കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ദളപതി 69, ഗീതു മോഹൻ ദാസ് - യഷ് ചിത്രം ടോക്സിക്ക് എന്നീ ചിത്രങ്ങൾ നിർമിക്കുന്ന പ്രൊഡക്ഷൻ കമ്പനിയാണ് കെവിഎൻ പ്രൊഡക്ഷൻസ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രം 2025 റിലീസിനെത്തും.
ഭാഷകൾക്കപ്പുറം സിനിമയെ പുനർനിർവചിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ തന്നെ ഈ സിനിമയെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇക്കാര്യത്തിൽ ഞങ്ങൾക്കൊപ്പമുള്ള പ്രതിഭകളുടെ കഴിവിൽ ഞങ്ങൾക്ക് ആത്മവിശ്വസമുണ്ടെന്ന് ജിതു മാധവൻ- ചിദംബരം ചിത്രത്തെക്കുറിച്ച് കെവിഎൻ പ്രൊഡക്ഷൻസ് പ്രതികരിച്ചു. ഇത്തരം ഒരു ടീമിനോപ്പം പുതിയൊരു ചിത്രത്തിൽ പ്രവർത്തിക്കാനാവുന്നതിൽ ഞാൻ ആവേശഭരിതനാണ് എന്നാണ് ചിദംബരം പുതിയ ചിത്രത്തെക്കുറിച്ച് വെറൈറ്റിയോട് പ്രതികരിച്ചത്. അതേ സമയം ഈ തിരക്കഥ തന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒരു കഥയാണ് എന്നും മികച്ചൊരു ടീമിനൊപ്പം നല്ലൊരു സിനിമ നിർമിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിതു മാധവനും കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷൻ ആണ് കലാസംവിധാനം നിർവഹിക്കുന്നത് അജയൻ ചാലിശേരിയാണ്. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് സിനിമയിലെ മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പേരോ അഭിനേതാക്കളുടെ വിവരണങ്ങളോ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.