Film News

തിരുവനന്തപുരം ലോബി എന്നൊന്നില്ല, എംടിയാണ് മമ്മൂട്ടിയെ കൊണ്ടു വന്നത്, ഫാസിൽ മോഹൻലാലിനെയും ഇവിടെ ജാതിയും മതവും ഇല്ല: മണിയൻപിള്ള രാജു

മലയാള സിനിമയിൽ ലോബികൾ നിലനിൽക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് നടൻ മണിയൻ പിള്ള രാ‍ജു. മട്ടാഞ്ചേരി ലോബി, തിരുവനന്തപുരം ലോബി എന്നിങ്ങനെ മലയാള സിനിമയിൽ പ്രവർത്തിക്കുന്നവരെ ​ഗ്രൂപ്പ് തിരിച്ച് പറയുന്നതിനെക്കുറിച്ചാണ് മണിൻ പിള്ള രാജു പ്രതികരിച്ചത്. തിരുവനന്തപുരം ലോബി എന്നൊരു സംഭവമേ നിലനിൽക്കുന്നില്ലെന്നും മാർക്കറ്റുള്ളവരെയാണ് സിനിമയിലേക്ക് വിളിക്കുന്നത് എന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മണിയൻ പിള്ള രാജു പറഞ്ഞു.

മണിയൻ പിള്ള രാജു പറഞ്ഞത്:

തിരുവനന്തപുരം ലോബി എന്നൊരു സംഭവമേയില്ല. രണ്ട് ഉദാഹരണങ്ങൾ ഞാൻ പറയാം. കിരീടത്തിൽ, സേതുമാധവന്റെ അച്ഛനായി തിലകൻ ചേട്ടൻ തന്നെയാണ് ഏറ്റവും അനുയോജ്യൻ. ആ കഥാപാത്രത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല. അതുപോലെ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാന് നെടുമുടി വേണു ആണ് കറക്ട്. കണ്ണെഴുതി പൊട്ടും തൊട്ടിൽ നടേശൻ മുതലാളിയെ ചെയ്യാൻ തിലകൻ ചേട്ടനേ പറ്റൂ. ഇനി വേറൊരു കാര്യം പറയാം. ഞാനും മോഹൻലാലും ഏകദേശം 58 ഓളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു 55 ചിത്രങ്ങളെങ്കിലും 100 ദിവസമോ 75 ദിവസമോ 50 ദിവസമോ ഓടിയ ഷീൽഡുണ്ട്. ഇപ്പോൾ ഏത് പടത്തിനുണ്ട് ഷീൽഡ്, എത്ര ദിവസം ഓടുന്നുണ്ട്.

എന്നും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന സൗഹൃദമാണ് ഞാനും മോഹൻ‌ലാലും തമ്മിലുള്ളത്. മോഹൻലാലും ഞാനും തമ്മിൽ ഒരു പടത്തിൽ അഭിനയിച്ചിട്ട് 10 വർഷമായി. ഇപ്പോഴാണ് തുടരും ചെയ്യുന്നത്. തിരുവനന്തപുരം ലോബി ആണെങ്കിൽ അ​ദ്ദേഹം എന്താണ് പറയാത്തത്, എന്നെ ഒരു ചിത്രത്തിൽ അഭിനയിപ്പിക്കാൻ. മമ്മൂട്ടിയുമായി ഞാൻ അഭിനയിച്ചിട്ടിപ്പോൾ ഒരു മൂന്നു നാല് കൊല്ലമായി. എന്നും വിളിക്കുന്ന സുഹൃത്താണ്. അപ്പോൾ ലോബി എന്നൊരു സംഭവമില്ല. അവനവന് മാർക്കറ്റുണ്ടോ അവരെ വിളിക്കും. മാർക്കറ്റേ ഉള്ളൂ, ലോബി എന്നൊരു സംഭവമേ ഇല്ല.

പക്ഷേ ഇപ്പോൾ ചിലരൊക്കെ പറയുന്നുണ്ട്, മട്ടാഞ്ചേരിയിൽ ഒരു ​ഗ്രൂപ്പുണ്ട് എന്നൊക്കെ. അത് അവർ സുഹൃത്തുക്കളൊക്കെ ഒരുമിച്ച് താമസിക്കുന്നവരായിരിക്കും. കഥയെഴുതുന്നവരും കാമറ ചെയ്യുന്നവരും അഭിനേതാക്കളുമൊക്കെ ആ ഏരിയയിൽ ഉള്ളതു കൊണ്ടാണ്. മറ്റൊരു കാര്യമെടുത്താൽ ആദ്യത്തെ മൂന്ന് ഹീറോസും തിരുവനന്തപുരത്ത് നിന്നുള്ളവരല്ലേ. മധു സാറായാലും നസീർ സാറായാലും സത്യൻ മാസ്റ്ററായാലും തിരുവനന്തപുരമല്ലേ. പിന്നെ മെറിലാൻഡ് സ്റ്റുഡിയോ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ പടങ്ങൾ നടക്കുന്ന സ്ഥലമാണ്. പ്രിയന്റെ കുറേ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ റെക്കോഡ് ജോഷി സാറുമായിട്ടാണ്, 38 സിനിമകൾ ഞങ്ങളൊന്നിച്ച് ചെയ്തിട്ടുണ്ട്. ജോഷി സാർ എറണാകുളമാണ്. പിന്നെ ജാതിയുടെ കാര്യം എല്ലാവരും പറയും. എംടി വാസുദേവൻ നായർ എന്നൊരാളാണ് മമ്മൂട്ടിയെ കൊണ്ടുവരുന്നത്. ഫാസിൽ എന്നൊരാളാണ് മോഹൻലാലിനെ കൊണ്ടുവരുന്നത്. അപ്പോൾ അത് പൊളിഞ്ഞില്ലേ. അതിലൊന്നും കാര്യമില്ല. ജാതി, മതം ഒന്നും ഒരു പ്രശ്നമല്ല. കഴിവുള്ളവരെ വിളിക്കും. തീരെ പറ്റില്ലാത്തവരെ പുറന്തള്ളും. മണിയൻ പിള്ള രാജു പറഞ്ഞു

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT