Film News

ജൂറിയുടെ തീരുമാനം ചോദ്യം ചെയ്യരുതെന്ന് രാഹുല്‍ റവൈല്‍, പേജില്‍ മമ്മൂട്ടി ആരാധകരുടെ അസഭ്യവര്‍ഷം; മാപ്പു പറഞ്ഞ് മമ്മൂട്ടി 

THE CUE

റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന ചിത്രത്തിലെ അമുദവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നല്‍കിയില്ലെന്ന പേരില്‍ ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിന്റെ പേരില്‍ മമ്മൂട്ടി ആരാധകരുടെ അസഭ്യവര്‍ഷം. ആരാധകരുടെ രോഷം കനത്തപ്പോള്‍ പേരന്‍പ് പ്രാദേശിക തലത്തില്‍ തന്നെ തഴയപ്പെട്ടതാണെന്നും ചിത്രം കേന്ദ്ര പാനലിന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും രാഹുല്‍ റവൈല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പേരന്‍പിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയില്ലെന്ന് പറഞ്ഞ് ആരാധകരുടെ അടുത്തു നിന്നും വെറുപ്പുളവാക്കുന്ന സന്ദേശങ്ങള്‍ വരുന്നുണ്ട്. ആദ്യമായി ജൂറിയുടെ തീരുമാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പിന്നൊന്ന് താങ്കളുടെ ചിത്രം പേരന്‍പ് പ്രാദേശിക തലത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ട് സെന്‍ട്രല്‍ കമ്മിറ്റിയുടെ മുന്നിലെ മത്സരത്തിനുണ്ടായിരുന്നില്ല. ജൂറിയെ ചോദ്യം ചെയ്യരുത്.
രാഹുല്‍ റവൈല്‍

ആരാധകരുടെ പ്രവൃത്തിയില്‍ മമ്മൂട്ടി ക്ഷമ ചോദിച്ചെന്നും രാഹുല്‍ റവൈല്‍ പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചു. തന്റെ അറിവോടെയല്ല സംഭവമുണ്ടായതെന്നും എങ്കിലും മാപ്പു ചോദിക്കുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ സന്ദേശം.

മമ്മൂട്ടിയുടെ സന്ദേശം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടും അസഭ്യവര്‍ഷം അവസാനിച്ചിട്ടില്ല. തുടര്‍ന്ന് ഈ രണ്ട് പോസ്റ്റുകളും നീക്കം ചെയ്തു.

ആദ്യം പേരന്‍പിന് പുരസ്‌കാരം നല്‍കാത്തതിനെതിരെയുള്ള പ്രതിഷേധമാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മമ്മൂട്ടി- മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റാണ് പേജില്‍ നടക്കുന്നത്. ഇരുതാരങ്ങളുടെയും പേരില്‍ അസഭ്യവും ഫോട്ടോഷോപ്പ് ഇമേജുകളുമാണ് പേജിലെ ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും കമന്റ് ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നെങ്കിലും ചിത്രത്തിന് യാതൊരു പരാമര്‍ശം പോലും ലഭിച്ചില്ല. പ്രഖ്യാപനവേദിയില്‍ തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ആയിരുന്നില്ല ജൂറി നല്‍കിയത്. തമിഴ് ചിത്രങ്ങളെ ആകെ ഇത്തവണ ജൂറി തഴഞ്ഞുവെന്നും ആരോപണമുയര്‍ന്നിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT