ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം
Published on

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ "മധുവിധു"വിന്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 6 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.

ഷൈലോക്കിന്റെ തിരക്കഥാകൃത്തായ ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ജയ് വിഷ്ണുവും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം രചിച്ച മധുവിധുവിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രം കൂടിയാണ് "മധുവിധു".

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in