മലയാളികൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മോഹൻലാൽ ആരാധകരാണ് എന്ന് മാളവിക മോഹനൻ. ചെറുപ്പം മുതലേ താൻ ഒരു സത്യൻ അന്തിക്കാട് സിനിമകളുടെ ആരാധിക കൂടിയാണ്. ഹൃദയപൂർവത്തിലേക്ക് എത്തുമ്പോൾ രണ്ടുപേരുടെയും ഒപ്പം ജോലി ചെയ്യാൻ സാധിച്ചു. ഇക്കാര്യങ്ങളെല്ലാം തുടക്കത്തിൽ ഒരുമിച്ചാണ് തന്റെ ചെവിയിലേക്ക് എത്തിയതെന്നും അത് പ്രോസസ് ചെയ്യാൻ സമയം വേണ്ടി വന്നു എന്നും മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മാളവിക മോഹനൻ പറയുന്നു
നമ്മൾ എല്ലാവരും മോഹൻലാൽ ആരാധകരാണ്. ഞാൻ മാത്രമല്ല, എല്ലാ മലയാളികളും ഏതെങ്കിലും രീതിയിൽ ലാലേട്ടൻ ആരാധകരാണ്. മാത്രമല്ല, വളരെ ചെറുപ്പം മുതലേ ഞാൻ ഒരു വലിയ സത്യൻ അന്തിക്കാട് ഫാൻ കൂടിയാണ്. പണ്ട്, സ്കൂളിൽ പഠിക്കുന്ന കാലത്ത്, സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ എന്റെ സ്ഥിരം പരിപാടി പട്ടണപ്രവേശം സിനിമ കാണുകയായിരുന്നു. ഇത് ഒരുപാട് തവണ കാണുന്നത് കണ്ട് അമ്മ പോലും ചില സമയത്ത് പകച്ചുപോയി നിന്നിട്ടുണ്ട്. കാരണം, ബോംബെയിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടി, സുഹൃത്തുക്കളെല്ലാം ഹിന്ദിക്കാർ, എന്നും ഒരു മലയാളം സിനിമ കാണുന്നു. ഇത് ഫാമിലി സർക്കിളിൽ വലിയൊരു സംസാര വിഷയം തന്നെയായിരുന്നു.
ഹൃദയപൂർവത്തിലേക്ക് എന്നെ വിളിക്കുന്നത് അഖിൽ സത്യനാണ്. അഖിൽ ഒരു വലിയ മെസേജാണ് എനിക്ക് ആദ്യം അയച്ചത്. അതിൽ കാര്യങ്ങളെല്ലാം ഉണ്ടായിരുന്നു. ഞാൻ ആദ്യം കരുതിയത് അഖിലിന്റെ സിനിമയ്ക്കായിരിക്കും എന്നായിരുന്നു. പക്ഷെ, ആ മെസേജിൽ ഉണ്ടായിരുന്നു, ഇത് എന്റെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടിയാണ് എന്ന്. അതെ, സത്യൻ അന്തിക്കാട് സിനിമയാണ്. അത് പ്രോസസ് ചെയ്യാൻ ആ മെസേജ് എനിക്ക് രണ്ടും മൂന്നും തവണ വായിക്കേണ്ടി വന്നു. അച്ഛൻ വിളിക്കും എന്ന് അഖിൽ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിളിക്കുമെന്നാണ് കരുതിയത്, പക്ഷെ, 20 മിനുറ്റിനുള്ളിൽ കോൾ വന്നു.