പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിൽ ചിത്രങ്ങൾ നിർമ്മിക്കുകയല്ല, അതിന്റെ ഗുണനിലവാരം കാരണം അത്രയ്ക്ക് റീച്ച് ഉണ്ടാവുകയാണ് വേണ്ടതെന്ന് മാളവിക മോഹനൻ. നല്ല സിനിമകൾ നിർമ്മിക്കുന്നതിൽ മാത്രമായിരിക്കണം ഒരു മേക്കറുടെ ചിന്ത. തനിക്ക് എല്ലാ ഇന്റസ്ട്രികളിലെയും മികച്ച സംവിധായകരുടെ കൂടെയും ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മാളവിക മോഹനൻ പറഞ്ഞു.
മാളവിക മോഹനന്റെ വാക്കുകൾ
ഞാൻ എപ്പോഴും പ്രസന്റിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. പാസ്റ്റിനെക്കുറിച്ച് ഞാൻ ബോതർ ചെയ്യാറില്ല, ഫ്യൂച്ചറിനെക്കുറിച്ച് ഞാൻ ആലോചിക്കാറേയില്ല (പേടി ആയതുകൊണ്ടാണ്). പ്രവചനാതീതമായി മുന്നോട്ട് പോകുന്ന ഇന്റസ്ട്രിയാണ് സിനിമ. അതുകൊണ്ട്, നമ്മൾ ഒരുപാട് പ്ലാനുകൾ ഉണ്ടാക്കി മുന്നോട്ട് പോകാൻ നോക്കുമ്പോൾ, അതൊന്നും നടക്കാതെ ആയാൽ വിഷമം ആകില്ലേ. ഇപ്പോഴത്തെ എന്റെ കരിയറിൽ ഞാൻ കുറച്ച് എക്സൈറ്റഡാണ്. ഒരേസമയം മൂന്ന് ഇന്റസ്ട്രികളിലായി എന്റെ മൂന്ന് സിനിമകൾ ഇറങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക്. കന്നഡ മുമ്പ് ചെയ്തിട്ടുമുണ്ട്. ഒരു ഹിന്ദി സിനിമ ഇപ്പോൾ സൈൻ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്താനുള്ള ഭാഗ്യം എനിക്ക് കൈവന്നിട്ടുണ്ട്.
എല്ലാ ഇന്റസ്ട്രിയിലെയും നല്ല മേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അതായത്, രാജമൗലി കാസ്റ്റിങ് ചെയ്യുമ്പോൾ അദ്ദേഹം എന്നെക്കുറിച്ച് ചിന്തിക്കണം, ദിലീഷ് പോത്തൻ കാസ്റ്റ് ചെയ്യുമ്പോൾ, ഞാൻ മനസിൽ വരണം. അങ്ങനെയൊക്കെ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ എല്ലാത്തിനും ഒരു പാൻ ഇന്ത്യൻ റീച്ച് കിട്ടുന്നുണ്ട്. ഓരോരുത്തർ പാൻ ഇന്ത്യൻ റിലീസ്, പാൻ ഇന്ത്യൻ സിനിമ എന്നൊക്കെ പറയുന്നതിനോട് എനിക്ക് വലിയ താൽപര്യമില്ല. കാരണം, സിനിമ നല്ലതാണെങ്കിൽ ഓട്ടോമാറ്റിക്കലി അതിനൊരു പാൻ ഇന്ത്യൻ, അല്ലെങ്കിൽ പാൻ വേൾഡ് റീച്ച് കിട്ടും. അതിലായിരിക്കണം മേക്കേഴ്സ് കോൺസൻട്രേറ്റ് ചെയ്യേണ്ടത്.