തമിഴിലെ ആദ്യ സംവിധാന ചിത്രം കമൽ ഹാസൻ തിരക്കഥയിലായിലായിരിക്കും ഒരുങ്ങുകയെന്നു വ്യക്തമാക്കി സംവിധായകൻ മഹേഷ് നാരായണൻ. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മമ്മൂട്ടി - മോഹൻലാൽ ചിത്രം കമൽ ഹാസന്റെ തിരക്കഥയിലുള്ള ചിത്രമല്ലെന്നും അദ്ദേഹവുമായുള്ള ചിത്രത്തിനെ സംബന്ധിച്ച കാര്യങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞു.
മഹേഷ് നാരായണൻ പറഞ്ഞത്:
കമൽ ഹാസൻ എഴുതിയ തിരക്കഥയല്ല ഈ സിനിമ. ഇത് തീർത്തും വ്യത്യസ്തമായ ഒരു കഥയും തിരക്കഥയുമാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വലിയൊരു ആക്ഷൻ ചിത്രമാണ് ഇത്. ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി, തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശരിയാണ് കമൽ സാർ എനിക്കായി ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ നിർമ്മിക്കാൻ വേണ്ടി ഒരുപാട് സമയം ഇപ്പോൾ ഞങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. ഒരു തമിഴ് സിനിമ ചെയ്യാൻ ഞാൻ തയ്യാറാകുന്ന പക്ഷം അതായിരിക്കും ഞാൻ ചെയ്യാൻ പോകുന്ന ആദ്യത്തെ ചിത്രം.
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ ചിത്രീകരണ തിരക്കുകളിലാണ് ഇപ്പോൾ മഹേഷ് നാരായണൻ. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിലെ കൊളംബോയിലാണ് ആരംഭിച്ചത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും അനുഭവവുമായിരിക്കും മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമെന്നാണ് മുമ്പ് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്:
ആ സിനിമയുടെ ഒരു ഫൈനലൈസേഷൻ ആയിട്ടില്ല. കുറച്ച് മാറ്റങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമായി ഉണ്ടാവാം. അതിന്റെ ഒരു ഔദ്ധ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് തോന്നുന്നത്. ഞാൻ അത് പ്രതീക്ഷിച്ചിരിക്കുകയാണ്. വളരെ ആവേശകരമായ പ്രൊജക്ടായിരിക്കും അത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും അനുഭവവുമായിരിക്കും ആ സിനിമ. അതിന്റെ ഭാഗകാമാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും വലിയ ഭാഗ്യമാണ്.
ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായാണ് മോഹൻലാലും എത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി, രൺജി പണിക്കർ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെൽവാടിയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മഴവിൽ മനോരമ-അമ്മ താരനിശയ്ക്ക് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന സിനിമയെക്കുറിച്ച് ആദ്യ വാർത്ത പുറത്തുവരുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ആന്റണി പെരുമ്പാവൂർ ഇരിക്കുന്ന ചിത്രത്തിനൊപ്പം ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു എന്നതായിരുന്നു കാപ്ഷൻ. നിർമ്മാതാവ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും പിന്നീട് ഈ പ്രൊജക്ട് സ്ഥിരീകരിച്ചു.
80 കോടിക്ക് മുകളിൽ മുടക്കു മുതലിലാണ് ചിത്രം ഒരുങ്ങുക. മമ്മൂട്ടി 100 ദിവസത്തിലേറെ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമാകും. ശ്രീലങ്ക, ലണ്ടൻ, ന്യൂ ഡൽഹി, ഹൈദരാബാദ്, കൊച്ചി എന്നീ ലൊക്കേഷനുകൾക്കൊപ്പം കൂടുതൽ വിദേശ ലൊക്കേഷനുകളുമുണ്ടാകും. മാലിക്, സീ യു സൂൺ, അറിയിപ്പ് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ആന്റോ ജോസഫ് ഫിലിം കമ്പനി, മമ്മൂട്ടി കമ്പനി, ആശിർവാദ് സിനിമാസ് എന്നിവരെ കൂടാതെ മറ്റ് ബാനറുകൾ കൂടി സിനിമയുടെ നിർമ്മാതാക്കളായി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയിലാണ് മമ്മൂട്ടിയും മോഹൻലാലും മുഴുനീള കഥാപാത്രങ്ങളായി ഒടുവിൽ ഒന്നിച്ചെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു. 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചത്. കമ്മാരൻ എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രത്തെയാണ് പടയോട്ടത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. അഹിംസ, വാര്‍ത്ത, ഗീതം, പടയണി, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങി അമ്പതിലേഖെ സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തി. ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നിർമ്മിച്ച ഹരികൃഷ്ണൻസ് ഇരുവരും ടൈറ്റിൽ റോളിൽ ഒന്നിച്ചെത്തി വിജയം കൈവരിച്ച സിനിമയാണ്.