Film News

'പൃഥ്വിരാജിന് സൈബർ ആക്രമണം നേരിടുന്ന സമയത്താണ് ആ സിനിമ റിലീസാവുന്നത്, ഏറ്റവും ഇഷ്ടമുള്ള രാജുവിന്റെ പെർഫോമൻസും അത് തന്നെയാണ്': ലാൽ ജോസ്

സൈബർ ആക്രമണം നേരിട്ടുകൊണ്ടിരുന്നപ്പോൾ റിലീസായ പൃഥ്വിരാജിന്റെ സിനിമയാണ് 'അയാളും ഞാനും തമ്മിൽ' എന്ന് സംവിധായകൻ ലാൽ ജോസ്. പൃഥ്വിരാജിന്റെ ഏറ്റവും ഇഷ്ടമുള്ള പെർഫോമൻസും ആ സിനിമയിലേതാണ്. തന്റെ സിനിമ ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. ആ പെർഫോമൻസിന്റെ ക്രെഡിറ്റ് തനിക്കല്ല. സെന്റിമെന്റ്സ് ഉള്ള സിനിമ പൃഥ്വിരാജിനെ വെച്ച് ചെയ്‌താൽ തിയറ്ററിൽ കോമഡിയാകുമെന്ന് പലരും തന്നോട് പറഞ്ഞു. കാസ്റ്റിംഗ് മാറ്റിക്കൂടെ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച രവി തരകൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ആദ്യ സീക്വൻസിൽ തന്നെ സ്വീകരിച്ചു എന്ന് റെഡ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ് പറഞ്ഞത്:

അയാളും ഞാനും തമ്മിൽ പോലെ ഒരു സിനിമ ഇപ്പോൾ രാജുവിനെക്കൊണ്ട് ചെയ്യിക്കാൻ എനിക്ക് ധൈര്യം വരില്ല. രാജുവിനുള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു യോദ്ധാവിന്റെ ശരീരമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ സ്വഭാവത്തിലും ഒരു യോദ്ധാവിന്റെതായ കാര്യങ്ങൾ കാണാൻ കഴിയും. അതിൽ നിന്ന് മുഴുവനായും ഉടഞ്ഞു പോയ ഒരാളായി മാറുക എന്നത് മനസ്സിൽ അത് സ്വീകരിച്ചാൽ മാത്രമേ ചെയ്യാനാകൂ. അയാളും ഞാനും തമ്മിൽ സിനിമയ്ക്കുവേണ്ടി അദ്ദേഹം ശരീരം കുറച്ചിട്ടില്ല. ശരീരം സാധാരണ പോലെ തന്നെയായിരുന്നു. അകത്ത് ഒരാൾ തകർന്നാൽ എങ്ങനെയായിരിക്കും എന്നുള്ളത് വളരെ മനോഹരമായി ആ സിനിമയിൽ അദ്ദേഹം ചെയ്തിട്ടുണ്ട്.

രാജുവിന്റെ ഏറ്റവും ഇഷ്ടമുള്ള പെർഫോമൻസ് തന്നെയാണ് ഈ സിനിമയിൽ. എന്റെ സിനിമ മാത്രം വെച്ചല്ല അത് പറയുന്നത്. എല്ലാ സിനിമകളും നോക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടമുള്ള പെർഫോമൻസാണ് അയാളും ഞാനും തമ്മിൽ സിനിമയിലുള്ളത്. അതിൽ എനിക്കൊരു ക്രെഡിറ്റുമില്ല. അയാൾ അത്രയും നന്നായി അത് ഉൾക്കൊണ്ട് ചെയ്തതുകൊണ്ട് സംഭവിച്ചതാണ് ഈ സിനിമ. അകമേയുള്ള അഭിനയം അത്രയും നന്നാക്കുമ്പോഴാണ് അങ്ങനെ ഒരു പെർഫോമൻസ് സംഭവിക്കുന്നത്. കഥാപാത്രത്തെ ഉള്ളിൽ സ്വീകരിക്കുകയും കഥാപാത്രത്തിന്റെ മനസ്സ് അറിയുകയും ചെയ്യണം. അതിന് അയാൾക്ക് കഴിഞ്ഞു.

രാജു വിളിച്ചു പറഞ്ഞതിന് ശേഷം ഒന്നൊന്നര വർഷത്തിന് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നത്. ആ സമയത്ത് സോഷ്യൽ മീഡിയ മുഴുവൻ അയാളെ കളിയാക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. സെന്റിമെന്റ്സ് ഉള്ള സിനിമ അവനെ വെച്ച് ചെയ്‌താൽ തിയറ്ററിൽ കോമഡിയാകുമെന്ന് പലരും എന്നോട് പറഞ്ഞു. അപകടകരമായ നീക്കമാണ് എന്നാണ് കുറെ പേർ പറഞ്ഞത്. കാസ്റ്റിംഗ് മാറ്റിക്കൂടെ എന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്നത് എല്ലാ കാലത്തും സിനിമയിലാണ്. സിനിമയിലെ ആദ്യത്തെ 5 മിനിറ്റിൽ നിങ്ങൾ ആ വ്യക്തിയെ മറന്ന് കഥാപാത്രത്തെ കാണാൻ തുടങ്ങിയില്ലെങ്കിൽ സിനിമ അവിടെ തന്നെ പൊളിഞ്ഞു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തരകനെ ആദ്യത്തെ സീക്വൻസിൽ തന്നെ ആളുകൾ സ്വീകരിച്ചു.

പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ റിലീസായത് 2012 ലായിരുന്നു. ബോബി & സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സംവൃത സുനിലായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

SCROLL FOR NEXT