Film News

മനപൂര്‍വ്വം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇട്ട് കൊടുത്തു, റോഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിത മാഗസിന്‍ ലേഖിക ലക്ഷ്മി പ്രേംകുമാര്‍

മലയാള മനോരമാ പ്രസിദ്ധീകരണമായ വനിത മാഗസിന്‍ അഭിമുഖത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ റോഷന്‍ മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പ്രേംകുമാര്‍. ഈ വിഷയത്തില്‍ റോഷന്‍ മാത്യുവിനോട് മാപ്പ് പറഞ്ഞതാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതി ചെയ്തതല്ലെന്നും സമൂഹമാധ്യമങ്ങളിലേയ്ക്ക് തന്നെ വലിച്ചിഴക്കരുതെന്നും പറഞ്ഞിരുന്നു, എന്നാല്‍ റോഷന്‍ തന്നെ മനപൂര്‍വ്വം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇട്ട് കൊടുക്കുകയായിരുന്നുവെന്ന് ലക്ഷ്മി 'ദ ക്യു'വിനോട് പ്രതികരിച്ചു. ഇത്രയും വലിയ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയ വ്യക്തിക്കും, അതില്‍ വ്യക്തിപരമായി ഏറ്റവും അധികം വേദനിപ്പിച്ച ചില പ്രൊഫൈലുകള്‍ക്കും എതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നതെന്നും ലക്ഷ്മി പ്രേംകുമാര്‍. റോഷന്‍ മാത്യു ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുത തെളിയിക്കേണ്ടത് തന്റെ കടമയാണെന്ന് ലക്ഷ്മി പറയുന്നു.

വനിതയുടെ പുതിയ ലക്കത്തില്‍ റോഷന്‍ മാത്യുവും ദര്‍ശനയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ശൈലിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ഇരുവരും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തങ്ങള്‍ രണ്ട് പേരും പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്നും ഫീച്ചറിലേത് തങ്ങളുടെ സംസാര ശൈലി അല്ലെന്നും ദര്‍ശനയും റോഷനും പറഞ്ഞിരുന്നു. വനിതാ അഭിമുഖത്തില്‍ പത്തോളം തിരുത്തുകളുണ്ടെന്നും റോഷന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ ഉണ്ടെന്നും ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഇന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ റോഷന്‍ മാത്യു വ്യക്തമാക്കുന്നു. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം പോസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തത് കൊണ്ടോ ദു:ഖം രേഖപ്പെടുത്തിയതു കൊണ്ടോ ഒരു ഗുണവുമില്ലെന്നും നേരിടേണ്ടിവന്ന മോശം അനുഭവങ്ങള്‍ ഇല്ലാതാവുന്നില്ലെന്നും ലക്ഷ്മി.

'ഞാന്‍ പറഞ്ഞിട്ടില്ല എന്ന് റോഷന്‍ പറയുന്ന ആരോപണങ്ങളില്‍ സത്യമുണ്ടോ എന്ന് തെളിയിക്കേണ്ടത് എന്റെ കടമയാണ്. ഞങ്ങള്‍ സംസാരിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ എന്റെ കൈവശമുണ്ട്. അത് തെളിവായി നല്‍കാമെന്നാണ് കരുതുന്നത്. എനിക്ക് ഈ സംഭവം വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള ആളാണ് റോഷന്‍ മാത്യു. എന്റെ പേഴ്‌സണല്‍ ഐഡി ആ പോസ്റ്റിന് താഴെ വെച്ചാല്‍ എത്ര പേര് അതില്‍ കയറി സൈബര്‍ ബുള്ളിയിങ് നടത്തുമെന്ന് വ്യക്തമായ ധാരണയുമുണ്ട്. അപ്പോള്‍ മനപൂര്‍വ്വമാണ് എന്റെ ഐ.ഡി വെച്ചതെന്ന് വേണം മനസിലാക്കാന്‍', ഇതാണ് ലക്ഷ്മി പ്രേംകുമാറിന്റെ വിശദീകരണം.

വനിതയില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ഥാപനമാണ് അത് കൈകാര്യം ചെയ്യുന്നത്. ഇത്രയും വലിയ സൈബര്‍ അറ്റാക്കിന് ഇട്ട് കൊടുത്ത വ്യക്തിക്കും, അതില്‍ വ്യക്തിപരമായി ഏറ്റവും അധികം വേദനിപ്പിച്ച ചില പ്രൊഫൈലുകള്‍ക്കും എതിരെയാണ് നിയമ നടപടിയെന്നും ലക്ഷ്മി പ്രേംകുമാര്‍.

ലക്ഷ്മി പ്രേംകുമാര്‍ ഇതേക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളെ,

24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്....

സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്‌സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും 'മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു" എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ 'തെറ്റുകൾ' ആണെന്ന് ഇപ്പോഴാണ് മനസിലായത്!!!

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്.

ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല.

ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.

നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി?

മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നത് കൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ

ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം.

# അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ് ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്.

എന്നാൽ

എന്റെ ഫേസ് ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്...

സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, 'സാമൂഹിക പ്രതിബദ്ധത'യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ് , "പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത്‍ അപ്‌ലോഡ് ചെയ്യും. ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്ലി 'ദ്രോഹം ചെയ്യണം' എന്ന് എനിക്ക് പേഴ്സണലി അതിയായി ആഗ്രഹം ഉണ്ട്."

# നിങ്ങൾ പറഞ്ഞ 'ദ്രോഹത്തിന്റെ ചെറിയൊരു ഭാഗമായി ആയി' എന്റെ ഫേസ് ബുക്ക്‌ ലിങ്ക് എന്റെ അനുവാദം ഇല്ലാതെ പോസ്റ്റ്‌ ചെയ്തതും കണ്ടു... മൂന്ന് മണിക്കൂർ സൈബർ കൂട്ടത്തിന് എടുക്കാൻ പാകത്തിൽ അതിട്ടു കഴിഞ്ഞു ഡിലീറ്റ് ചെയ്തതും കണ്ടു.

അദ്ദേഹത്തിന്റെ 'ദ്രോഹം' ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഈ കുറിപ്പിനും സൈബർ സംഘങ്ങൾ ആക്രമണം ഉറപ്പായും നടത്തിയേക്കാം

#സിനിമതാരങ്ങൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക് എതിരെ വനിതയിൽ സ്റ്റോറികൾ ചെയ്ത എനിക്ക് എതിരെ അതേ കൂട്ടത്തെ വച്ചു ഒളിയുദ്ധം നടത്തിയ കഴിവും അതു ഷെയർ ചെയ്തവരെയും ലൈക്ക് ചെയ്തവരെയും മൗനം പൂണ്ടവരെയും കണ്ടു.

#എല്ലാവരോടും ഒന്നേ പറയാനുള്ളു,

സീ യു സൂൺ,

എന്നെ സ്നേഹിക്കുന്നവരും വിളിച്ചും മെസ്സേജ് അയച്ചും ആശ്വസിപ്പിച്ചവരും പറഞ്ഞതു പോലെ നിയമത്തിന്റെ വഴിയേ ഞാൻ പോവുന്നു. പൊലീസ് കേസും സൈബർ കേസും കൊടുക്കുന്നു. ബാക്കി എല്ലാം അവിടെ പറഞ്ഞോളാം.

(വിവിധ മാധ്യമങ്ങൾക്ക് ഇതേ വ്യക്തികൾ നൽകിയ ഇന്റർവ്യൂകളുടെ സ്ക്രീൻ ഷോർട്ടുകൾ ഇതിനൊപ്പം നൽകുന്നു )

"സൈബർ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെ?

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT