Film News

'എമ്പുരാൻ' നിർമാണത്തിൽ നിന്ന് ലൈക്ക പിൻമാറിയെന്ന പ്രചരണം തള്ളി പൃഥ്വിരാജിന്റെ അപ്ഡേറ്റ്, അവസാന ഘട്ട ചിത്രീകരണത്തിലേക്ക്

മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റിലുള്ള ചിത്രമായി ഒരുങ്ങുന്ന മോഹൻലാലിന്റെ എമ്പുരാൻ അവസാന ഘട്ട ചിത്രീകരണത്തിലേക്ക്. നൂറ് ദിവസം പിന്നിട്ട ചിത്രീകരണം രാജ്കോട്ടിൽ നിന്ന് ഹൈദരാബാദിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അഭിനയിക്കുന്ന ഭാ​ഗങ്ങളാണ് നിലവിൽ ചിത്രീകരിക്കുന്നത്.

തമിഴിലെ മുൻനിര ബാനറായ ലൈക്ക പ്രൊഡക്ഷൻസ് എമ്പുരാൻ സിനിമയുടെ നിർമ്മാണത്തിൽ നിന്ന് പിൻമാറിയതായി ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഈ പ്രചരണങ്ങളെ തള്ളുന്നതാണ് പൃഥ്വിരാജും ലൈക പ്രൊഡക്ഷൻസും സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റ്. ലൈക്കയെ മെൻഷൻ ചെയ്തുള്ള ട്വീറ്റിലാണ് ഹൈദരാബാദിൽ നിന്ന് ഷൂട്ടിം​ഗ് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തതായി പൃഥ്വി അറിയിച്ചിരിക്കുന്നത്. ഇത് ലൈക്ക റീ ട്വീറ്റ് ചെയ്തിരുന്നു. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ സീക്വലാണ് എമ്പുരാൻ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസുമാണ് നിർമ്മാണം. സുജിത് വാസുദേവാണ് ക്യാമറ, സം​ഗീതം ദീപക് ദേവ്.

'എമ്പുരാൻ' സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കാത്ത രംഗങ്ങൾ കണ്ട് ഞെട്ടിയെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ്. ചിത്രത്തിലെ എഡിറ്റിങ് പൂർത്തിയാകാത്ത വിഷ്വൽ ഗംഭീരമാണ്. ഒരുപാട് പണച്ചിലവുള്ള രംഗങ്ങൾ സിനിമയിലുണ്ട്. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്ന രംഗങ്ങൾ പൃഥ്വി ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്ഫോടന രംഗങ്ങൾ ലൈവായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അയച്ചു തന്ന വിഷ്വലുകൾ കാണാൻ രസമുണ്ടെന്നും ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' മലയാളത്തിൽ നിന്നുള്ള ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ്. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും വിദേശത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' റിലീസിനൊരുങ്ങുന്നുണ്ട്.

ദീപക് ദേവ് പറഞ്ഞത്:

എമ്പുരാനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ എനിക്ക് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്പോട്ട് എഡിറ്ററുടെ കയ്യിൽ നിന്ന് എനിക്ക് സിനിമയുടെ വിഷ്വൽ അയക്കാറുണ്ട്. ആ വിഷ്വലിനെ സംബന്ധിച്ച് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു ക്വാളിറ്റി ഉണ്ട്. സ്പോട്ട് എഡിറ്ററുടെ കട്ട് ആയതുകൊണ്ട് അതിന്റെ മേൽ ആരും അഭിപ്രായം പറയാറില്ല. ഈ വിഷ്വലിന്റെ മുകളിൽ കളറിംഗ് ഉൾപ്പെടെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. പക്ഷെ സ്പോട്ട് എഡിറ്റിൽ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ വിഷ്വൽ മാത്രം വെച്ച് മ്യൂസിക് ചെയ്‌താൽ അവസാനത്തെ കട്ട് ആണെന്ന് ആളുകൾ ചിലപ്പോൾ വിശ്വസിച്ചുപോകും.

പണച്ചിലവുള്ള കുറെ കാര്യങ്ങൾ അതിൽ കണ്ടു. സി ജി ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽ ഒറിജിനലായി വണ്ടികൾ പൊളിച്ചിരിക്കുകയാണ്. ഈ ഷോട്ട് ഒക്കെ റീ ടേക്ക് വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ പ്രിഥ്വിയോട് ചോദിച്ചു. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്. സ്ഫോടനങ്ങളെല്ലാം ലൈവാണ്. ഭയങ്കര രസമുണ്ട് കാണാൻ.

പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്:

എമ്പുരാൻ ഒരു കോമേഷ്യൽ സിനിമയാണ്. ഇന്ത്യയ്ക്ക് പുറത്ത് ഞാൻ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനുകൾ എന്റെ കൺട്രോളിലല്ല. മറ്റ് രാജ്യങ്ങളിൽ ലോക്കൽ കൗൺസിലിന്റെ ​ഗവൺമെന്റ് പെർമിഷനുകൾ കാലവസ്ഥ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണത്. അതുകൊണ്ട് തന്നെ അവിടുത്തെ പോർഷൻ ആദ്യം തീർക്കണമെന്നായിരുന്നു എനിക്ക്. ഇനി ബാക്കിയുള്ള വിദേശ ലൊക്കേഷൻ യു.എ.ഇ യാണ്. അത് സമ്മറിന് ശേഷം ഷൂട്ട് ചെയ്യും. യു.കെ.യിലും യു.എസിലും ഷൂട്ട് ചെയ്യാനുള്ള ഭാഗങ്ങൾ കഴിഞ്ഞു. ഇനി ഇന്ത്യയിൽ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ ബാക്കിയുണ്ട്. ഇതുവരെ ഏകദേശം 20 ശതമാനം ഷൂട്ട് മാത്രമേ തീർന്നിട്ടുള്ളൂ. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ലൂസിഫറിന്റെ സീക്വൽ അല്ല ഞാൻ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല. അങ്ങനെയൊരു സിനിമയല്ല എമ്പുരാൻ.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ സൂചന നൽകി മോഹൻലാൽ. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ചെയ്യാനുള്ളതെന്ന് മോഹൻലാൽ. ചിത്രീകരണത്തിനായി അമേരിക്കയിലെത്തിയെന്നും ലാൽ. മനോരമ വാരാന്തപ്പതിപ്പിലെ അഭിമുഖത്തിലാണ് പ്രതികരണം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ രണ്ട് ഷെഡ്യൂളുകളാണ് നിലവിൽ പൂര‍്ത്തിയായത്. ഷിംലയിലും യുകെയിലും ചിത്രീകരിച്ച ശേഷം അമേരിക്കയിലെ ചിത്രീകരണമാണ് ഫെബ്രുവരിയിൽ തുടങ്ങാനിരിക്കുന്നത്. 100 കോടിക്ക് മുകളിൽ ബജറ്റിലാണ് എൽ ടു എന്ന ലൂസിഫർ രണ്ടാം ഭാ​ഗമൊരുങ്ങുന്നത്. മുരളി ​ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT